കോഴിക്കോട് യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി പഞ്ചായത്ത് രണ്ടാം വാർഡിലെ കക്കം വെള്ളിരയരോത്ത് സിദ്ധാർത്ഥ് ബാബു(31) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് കാണാതായ സിദ്ധാർത്ഥിനെ ബന്ധുക്കളും, നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വീട്ടിൽ നിന്ന് അഞ്ഞൂറ് മീറ്റർ അകലെയുള്ള സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
വീട്ടുകാർ വെള്ളം വലിക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കാണപ്പെടുന്നത്. വിവരം അറിഞ്ഞ് നാട്ടുകാരെത്തി പോലീസിലും, ഫയർ ഫോഴ്സിലും അറിയിച്ചു. ഇതേ തുടർന്ന് നാദാപുരം സി ഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് കിണലിറങ്ങി മൃതദേഹം പുറത്തെടുത്തു. നാദാപുരം പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ദാർഥ് ബാബുവിന്‍റെ മൊബൈൽഫോൺ ഉൾപ്പടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Man found dead in well Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here