അഫ്സാന കേസ്: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Also: നൗഷാദ് കേസില്‍ യുവാവിനെയും കുടുക്കാന്‍ പൊലീസ് ശ്രമം; അഫ്‌സാന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം യുവാവിനെയും കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. അഫ്സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്.
നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കില്‍ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്സാന മൊഴിനല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായി പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.
Story Highlights: Afzana case: HRC seeks report from DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here