പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍, നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ മുങ്ങി മരിക്കുമോ എന്ന സംശയം; സുരേന്ദ്രന്റെ മരണത്തില്‍ ദുരൂഹത

ദുരൂഹത അകലാതെ വയനാട് മീനങ്ങാടി മുരണി പുഴയിലെ മുങ്ങി മരണം. വീടിന് സമീപത്തെ പുഴയില്‍ മുങ്ങി മരിച്ച കീഴാനിക്കല്‍ സുരേന്ദ്രന്റെ മരണകാരണമാണ് അവ്യക്തമായി തുടരുന്നത്. വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലെങ്കിലും ഇതിലേക്ക് നയിച്ച കാരണമാണ് ഇപ്പോഴും വ്യക്തമാകാത്തത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. (mystery in Wayanad Surendran’s death)
കഴിഞ്ഞ 26ന് ഉച്ചയോടെയാണ് വീടിനടത്തുള്ള റബര്‍ത്തോട്ടത്തിലെ പുഴയോരത്ത് സുരേന്ദ്രന്‍ പശുവിന് പുല്ല് അരിയാനായി പോയത്. ഭാര്യ ഷൈല വന്ന് നോക്കുമ്പോള്‍ കണ്ടത് ഒരു ബൂട്ട് മാത്രമാണ്. ആളെ കാണാത്തതിന്റെ പരിഭ്രാന്തിയില്‍ ഇവര്‍ ബോധരഹിതയായി. പുഴയോരത്ത് വലിച്ചിഴച്ചതായി കാണുന്ന പാടുകളാണ് സംശയങ്ങള്‍ ആക്കം കൂട്ടിയത്. ചീങ്കണ്ണിപിടിച്ചതാണെന്നുള്ള അഭ്യൂഹമുണ്ടായെങ്കിലും ഇത് യാഥാര്‍ത്ഥ്യമല്ലെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ സംശയിക്കത്തക്കതായ ഒരു പാട് പോലുമില്ലാത്തതോടെ മുങ്ങിമരണമെന്ന തീര്‍പ്പില്‍ പൊലീസുമെത്തുകയാണ്. ഈ സാഹചര്യത്തിലാണ് ചില സംശയങ്ങള്‍ കുടുംബം ഉന്നയിക്കുന്നത്.
ഒരു കാലിലെ ബൂട്ട് പുഴയില്‍ നിന്ന് 20 മീറ്ററോളം അകലെ പുല്ലരിഞ്ഞിരുന്ന ഭാഗത്തുനിന്നും മറ്റൊന്ന് പുഴയില്‍ നിന്നുമാണ് ലഭിച്ചത്. മറ്റൊന്ന് വലിച്ചിഴച്ച പാടുകള്‍ കരയിലുള്ളതാണ് സംശയത്തിനാധാരം. മൊബൈല്‍ ഫോണടക്കം മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ചിരുന്നു. പുഴയെ പരിചയമുള്ള, നീന്തല്‍ നന്നായി അറിയുന്ന പൂര്‍ണ ആരോഗ്യവാനായ സുരേന്ദ്രന്‍ എങ്ങിനെയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സംശയം. നാല് കിലോമീറ്റര്‍ വരെ അകലേക്ക് മൃതദേഹം എത്തിയതിലും സംശയമുണ്ട്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സുരേന്ദ്രനില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്ന് പൊലീസ് പറയുമ്പോഴും സുരേന്ദ്രന്റെ മരണ കാരണം എന്തെന്ന് ബോധ്യം കുടുംബത്തിനും നാട്ടുകാര്‍ക്കും ഇപ്പോഴുമില്ല. അതിനാല്‍ തന്നെ കൃത്യമായ അന്വേഷണമുണ്ടാകണമെന്നാണ് ഇവരുയര്‍ത്തുന്ന ആവശ്യം.
Story Highlights: mystery in Wayanad Surendran’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here