ഹിജാബ് ധരിച്ച പെൺകുട്ടികളെ തടഞ്ഞു, ചോദ്യം ചെയ്ത മുസ്ലീം വിദ്യാർത്ഥികൾക്ക് വലതുപക്ഷ പ്രവർത്തകരുടെ മർദനം

ത്രിപുരയിൽ മുസ്ലീം വിദ്യാർത്ഥികളെ വലതുപക്ഷ പ്രവർത്തകർ മർദിച്ചു. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനാണ് പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെ മർദിച്ചത്. അധ്യാപകരും പ്രധാനാധ്യാപകരും നോക്കി നിൽക്കെയായിരുന്നു മർദനം. സംഭവത്തിൽ രക്ഷിതാക്കൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതായും NDTV റിപ്പോർട്ട് ചെയ്തു.
സെപാഹിജാല ജില്ലയിലെ ബിഷാൽഗഡ് സബ്ഡിവിഷനിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഘർഷം ഉണ്ടായത്. ഒരാഴ്ച മുമ്പ്, വിശ്വഹിന്ദു പരിഷത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം പൂർവ വിദ്യാർത്ഥികൾ സ്കൂളിലെത്തി മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. സർക്കാർ നിർദേശിക്കുന്ന യൂണിഫോം നിർബന്ധമായും നടപ്പാക്കണമെന്നും ഹിജാബ് നിരോധനം ഏർപ്പെടുത്തണമെന്നും ഇവർ പ്രഥമാധ്യാപകനോട് ആവശ്യപ്പെട്ടതായും സ്കൂൾ അധികൃതർ പറഞ്ഞു.
ഇത്തരമൊരു ചട്ടത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, സ്‌കൂളിൽ ഹിജാബ് ധരിക്കരുതെന്ന് ഹെഡ്മാസ്റ്റർ വാക്കാൽ നിർദ്ദേശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച പെൺകുട്ടികളെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞു. ഇത് ചോദ്യം ചെയ്ത പത്താംക്ലാസുകാരെ ക്ലാസിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. അധ്യാപകരും പ്രധാനാധ്യാപകരും നോക്കി നിൽക്കെയാണ് മർദനമുണ്ടായത്. ഇവരൊന്നും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതൊരു വർഗീയ പ്രശ്നമല്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിവിധ സമുദായക്കാർ ഇടകലർന്ന പ്രദേശമായതിനാൽ കനത്ത പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: Tripura Girls In Hijab Stopped Outside School; Boy Thrashed For Protesting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here