ആലുവ കൊലപാതകം; അസ്ഫാക്കിന്റെ വിവരങ്ങൾ തേടി കേരള പൊലീസ് ബിഹാറിലേക്ക്

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡൽഹിയിലും അന്വേഷണം തുടങ്ങി.
അസ്ഫാകിന്റെ കുടുംബമുള്ള ബീഹാറിലെ ആരാര്യ ജില്ലയിലെത്തി പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കും. ഡൽഹിയിലേക്കുള്ള സംഘം ഗാസിപൂരിലെ കേസിനൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഏർപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരിശോധനയുമാണ് അന്വേഷണ സംഘം നടത്തുക. ആലുവയിൽ കുട്ടി കൊല്ലപ്പെട്ട ദിവസം പുനരാവിഷ്കരിച്ചുള്ള തെളിവെടുപ്പ് തിങ്കളാഴ്ച നടത്താനാണ് തീരുമാനം.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.
കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Story Highlights: Kerala Police team to visit Bihar for inquiry into Aluva child murder accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here