Advertisement

‘താനും ഉമ്മന്‍ചാണ്ടിയും പണം വാങ്ങിയിട്ടുണ്ട്; തുക പാര്‍ട്ടിയുടെ അക്കൗണ്ടില്‍’; സിഎംആര്‍എല്‍ വിവാദത്തില്‍ ചെന്നിത്തല

August 10, 2023
2 minutes Read
Ramesh chennithala said he received fund from CMRL

സിഎംആര്‍എല്‍ വിവാദത്തില്‍ താനും പണം വാങ്ങിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ഉമ്മന്‍ചാണ്ടിയും ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍ പണം വാങ്ങിയിട്ടുണ്ട്. വാങ്ങിയ പണം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഉണ്ടെന്നും എത്ര തുകയാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പണം നല്‍കിയതിന് പ്രത്യുപകാരമായി എം ഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തുനല്‍കിയിട്ടില്ല. എന്തിനാണ് കര്‍ത്ത സംഭാവന ചെയ്തതെന്നും അറിയില്ല. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി എം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ എസ് സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്ത രേഖയിലാണ് പ്രതിപക്ഷ നേതാക്കളുടെ അടക്കം പേര് വന്നത്. പി.വി, ഒ.സി, ആര്‍.സി, കെ.കെ, ഐ.കെ എന്നിങ്ങനെയുള്ള ചുരുക്കെഴുത്തുകള്‍ ആണ് രേഖയില്‍ ഉള്ളത്. പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, വി. കെ ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ മൊഴി നല്‍കി.

പ്രതിപക്ഷ നേതാക്കളുടെ പേര് വന്നത് പാര്‍ട്ടി സംഭാവന സ്വീകരിച്ചതാണെന്നാണ് പ്രതിപക്ഷ ന്യായീകരണം. രേഖകളുള്ള പണമാണ് അതെന്നും എന്നാല്‍, വീണ വിജയന് നല്‍കിയത് മാസപ്പടി എന്നുമാണ് പ്രതിപക്ഷ വാദം.

Read Also: മാസപ്പടി വിവാദം സഭയ്ക്കകത്തും പുറത്തും; മാത്യു കുഴല്‍നാടനും സ്പീക്കറും തമ്മില്‍ വാഗ്വാദം; ശാസന

പ്രതിപക്ഷ നേതാക്കളുടെ പേരുകള്‍ കൂടി ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയില്‍ ഉള്‍പ്പെട്ടതോടെ പ്രതിപക്ഷം പ്രതിരോധത്തിലാണ്. വിഷയം നിയമസഭയില്‍ ഉന്നയിക്കാത്തതിനെ സാങ്കേതികത്വം പറഞ്ഞ് പ്രതിപക്ഷ നേതാക്കള്‍ ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എല്‍ മാസപ്പടിയായി ലക്ഷങ്ങള്‍ നല്‍കി എന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനായിരുന്നു ആദ്യം യുഡിഎഫ് തീരുമാനം. എന്നാല്‍ പിന്നാലെ ആശയകുഴപ്പത്തിലായി. രാത്രി വൈകിയും നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ട എന്ന് തീരുമാനിച്ചത്. വിഷയം സഭയില്‍ ഉന്നയിച്ചാല്‍ തിരിച്ചടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു.

അതേസമയം പ്രതിപക്ഷ നേതാവ് നിയമസഭാ ചട്ടം പറഞ്ഞാണ് വിഷയത്തെ ന്യായീകരിച്ചത്. വിഷയത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് ബിജെപിയുടെ നീക്കം.

Story Highlights: Ramesh chennithala said he received fund from CMRL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top