രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പിക്ക് കല്പറ്റയില് ഉജ്ജ്വല സ്വീകരണം നല്‍കും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാൽ ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങിൽ കൈത്താങ്ങ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോല്‍ദാനം രാഹുൽ ഗാന്ധി എം.പി നിര്‍വഹിക്കും.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവർ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷൻ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് ആറരക്ക് തിരുവമ്പാടി കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. രാത്രിയോടെ കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും.
Story Highlights: Rahul Gandhi to visit Wayanad today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here