വ്യക്തിവൈരാഗ്യം: മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു
മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷോയിബ് എന്ന 30 കാരനായ വ്യാപാരിക്കാണ് വെടിയേറ്റത്. ഷാജഹാൻപൂരിലെ കുടുംബ വീട്ടിൽ നിന്ന് മകളോടൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. മകളെ തോളിലേറ്റി നടക്കുന്നതിനിടെ ബൈക്കിൽ എത്തിയ 3 പേർ ഷോയിബിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് യുവാവും തോളിലുണ്ടായിരുന്ന മകളും നിലത്തു വീണതോടെ സംഘം രക്ഷപ്പെട്ടു.
യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാം പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അശോക് മീണ പറഞ്ഞു. പ്രതികളിലൊരാൾ ഇരയുടെ ബന്ധുവാണെന്നും പഴയ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ്.
Story Highlights: UP Man Carrying Little Daughter On Shoulders Shot At Close Range
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here