Advertisement

യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന സൂപ്പര്‍സ്റ്റാര്‍: രജനീകാന്ത് സംഘപരിവാറിനോട് അടുക്കുന്നെന്ന വാദത്തില്‍ കഴമ്പുണ്ടോ?

August 21, 2023
Google News 4 minutes Read
Rajinikanth touches the feet of Yogi Adityanath Internet in splits

ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചും അഭിനന്ദിച്ചും പോസ്റ്റുകള്‍ നിറയുന്നു. സംഘ് പരിവാര്‍ രാഷ്ട്രീയത്തോട് രജനി അടുക്കുകയാണെന്ന നിരീക്ഷണത്തില്‍ എത്രത്തോളം കഴമ്പുണ്ട്? (Rajinikanth touches the feet of Yogi Adityanath Internet in splits)

തന്റെ പുതിയ സിനിമയായ ജയിലറിന്റെ പ്രമോഷനായി ലഖ്നൗവിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയത് വൈറലായിരിക്കുന്നു. ഈ വണങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനാണ് വഴിവച്ചിരിക്കുന്നത്. 72-കാരനായ രജനി 52-കാരനായ യോഗിയുടെ കാല്‍ തൊട്ടു വന്ദിച്ചത് സൂപ്പര്‍ സ്റ്റാറിന്റെ തരംതാഴലാണെന്ന് പോലും വിശേഷിപ്പിക്കപ്പെട്ടു. സംഘ് പരിവാറിനൊപ്പമാണ് രജനിയെന്ന് സ്ഥാപിക്കാന്‍ ചില ദേശീയ മാധ്യമങ്ങള്‍ ഈ ദൃശ്യത്തെ ഉപയോഗിക്കുകയും ചെയ്തു.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

പക്ഷേ രജനീകാന്ത് ഒരു നേര്‍രേഖയില്‍ വരച്ചുവയ്ക്കാവുന്ന ചിത്രമല്ല. സങ്കീര്‍ണമായ വ്യക്തിത്വമാണ് രജനിയുടേതെന്ന് അദ്ദേഹത്തിന്റെ മുന്‍കാല ജീവിതവും പ്രവൃത്തികളും പരിശോധിക്കുന്നവര്‍ക്കറിയാം. ക്ഷേത്ര സംസ്‌കാരത്തോട് അടുത്തു നില്‍ക്കുന്ന കര്‍ണാടകയില്‍ ജനിച്ച അദ്ദേഹത്തിന് സന്ന്യാസി സമൂഹത്തോട് വലിയ ആദരവാണുള്ളത്. മൃദു ഹിന്ദുത്വം രജനിയില്‍ ആരോപിക്കപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ആത്മീയാചാര്യന്മാരോടും സന്ന്യാസിമാരോടും അദ്ദേഹം പുലര്‍ത്തി വരുന്ന ആദരവാണ്. ആദിത്യനാഥിനെ ബിജെപിക്കാരനായല്ല ഒരു സന്ന്യാസിയായി കണക്കാക്കുന്നതു കൊണ്ടാകാം രജനിയുടെ ഈ കാല്‍ തൊട്ടുള്ള വണങ്ങല്‍.

ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം അതിശക്തമായി കൈകാര്യം ചെയ്ത പാ. രഞ്ജിത്തിന്റെ ‘കാല’യില്‍ നായകനാകാന്‍ തയാറായ രജനീകാന്തിന് സംഘ് പരിവാറിന്റെ സഹയാത്രികനാകാനാവില്ലെന്ന് കരുതുന്നവരാണ് തമിഴ്നാട്ടില്‍ അധികവും. ചോ രാമസ്വാമിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന കാലത്ത് 2020-ല്‍ ചോയുടെ തുഗ്ലക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷവേളയില്‍, രജനി നടത്തിയ ഒരു പരാമര്‍ശം അദ്ദേഹം സംഘിയായി മാറുന്നുവെന്ന ആക്ഷേപത്തിനിടയാക്കി. പെരിയാറിനേയും ദ്രാവിഡ ആശയങ്ങളേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു രജനിയുടെ പ്രസംഗം. ദ്രാവിഡര്‍ കഴകവും ദ്രവീഡിയര്‍ വിടുതൈല കഴകവും അന്ന് രജനിയുടെ കോലം കത്തിക്കുക പോലും ചെയ്തു.

പക്ഷേ സംഘ് പരിവാറിന്റെയും ബി ജെ പിയുടേയും അനുയായികള്‍ തിരുവള്ളുവരെ കാവി പുതപ്പിച്ചപ്പോള്‍ അതിനെതിരെ അതിശക്തമായ പ്രതികരണമാണ് രജനി നടത്തിയത്. ‘അവര്‍ കാവി ചായം പൂശാനാണ് ശ്രമിക്കുന്നത്. തിരുവള്ളുവരോ ഞാനോ ആ കെണിയില്‍ വീഴില്ല’ എന്നായിരുന്നു രജനിയുടെ പ്രതികരണം.

സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയ രജനീകാന്തിനെ സംബന്ധിച്ചിടത്തോളം സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ കാല്‍ക്കല്‍ വീഴേണ്ട അവസ്ഥയൊന്നും നിലവിലില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പക്ഷേ ബിജെപിയെ സംബന്ധിച്ചിടത്തോളം തമിഴ്നാട്ടില്‍ അധികാരം പിടിക്കാന്‍ രജനീകാന്തിനെപ്പോലൊരാളെ അവര്‍ക്കാവശ്യമുണ്ട്. മോദി അധികാരലെത്തിയശേഷം രജനിയ്ക്ക് പത്മവിഭൂണ്‍ നല്‍കിയതും മൂത്തമകള്‍ ഐശ്വര്യയെ യു എന്‍ വിമന്‍ ഓര്‍ഗനൈസേഷന്റെ ഇന്ത്യയുടെ ഗുഡ് വില്‍ അംബാസിഡറാക്കിയതുമൊക്കെ ആ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നു വേണം കരുതാന്‍.

തമിഴ്നാട്ടില്‍ ജയലളിതയ്ക്കെതിരെ മാത്രമാണ് മുന്‍കാലത്ത് രജനി പരസ്യമായ ഒരു നിലപാട് എടുത്തിട്ടുള്ളത്. അത് അവരുടെ അഴിമതി മുന്‍ നിര്‍ത്തിയായിരുന്നു. യോഗിയുടെ കാല്‍ തൊട്ടുള്ള രജനിയുടെ വന്ദനത്തിന് അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സന്ന്യാസി സ്നേഹത്തിനപ്പുറം രാഷ്ട്രീയ മാനങ്ങള്‍ കല്‍പിക്കേണ്ടതില്ല.

Story Highlights: Rajinikanth touches the feet of Yogi Adityanath Internet in splits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here