വി.എസ്.എസ്.സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി; തട്ടിപ്പ് സംഘം ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഡിവൈസ്

ഹൈടെക്ക് കോപ്പിയടിയും ആൾമാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷയിൽ തട്ടിപ്പ് സംഘം ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഡിവൈസ്.
സംഘത്തിനു പ്രത്യേക ഡിവൈസും കൺട്രോൾ റൂമും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോപ്പിയടിക്കുന്നത് സിം ഇടാന്‍ കഴിയുന്ന ഡിവൈസ് ഉപയോഗിച്ചാണ്. ഫോണിന്റെ ക്യാമറ മാത്രം ഈ ഡിവൈസില്‍ കണക്ട് ആകും. ഹെഡ്‌സെറ്റും ഡിവൈസുമായി കണക്ട് ചെയ്യും. ഹെഡ്‌സെറ്റ് ഡിവൈസിനൊപ്പം പ്രത്യേകമായി നിര്‍മ്മിച്ചതാണ്.
ചോദ്യപേപ്പറിന്റെ ദൃശ്യവും ഹെഡ്‌സെറ്റിലേക്കുള്ള വിവരങ്ങളും വിനിമയം ചെയ്യുന്നത് ഈ ഡിവൈസ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫോണിലൂടെ ഒരു വിവരവും തട്ടിപ്പുകാർ കൈമാറിയിട്ടില്ല. പ്രത്യേകം തുന്നിയ ഷര്‍ട്ടാണ് തട്ടിപ്പ് സംഘം ധരിക്കുന്നത്. ഫോണ്‍ ലെന്‍സിന്റെ ഭാഗത്ത് മാത്രം ഷര്‍ട്ടില്‍ തിരിച്ചറിയാന്‍ കഴിയാത്ത ദ്വാരമുണ്ട്. പിടിയിലായ ആറു പേരും ധരിച്ചത് ഈ രീതിയില്‍ തുന്നിയ ഷര്‍ട്ടാണ് ധരിച്ചിരുന്നത്.
ഡിവൈസ് കണക്ട് ആകുന്നത് കണ്‍ട്രോള്‍ റൂം പോലെയുള്ള കേന്ദ്രത്തിലാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.
പിടിയിലായവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർ പേരുകൾ മാറ്റിപ്പറയുകയാണെന്നും വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് പറയുന്നു.
ആൾമാറാട്ടം നടന്ന വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്‌നീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്ക് ഞായറാഴ്ച നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പിടിയിലായ ഹരിയാനക്കാർ ആൾമാറാട്ടം നടത്തിയാണ് പരീക്ഷക്കെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
10 കേന്ദ്രങ്ങളിലായാണ് തിരുവനന്തപുരത്ത് പരീക്ഷ നടന്നത്. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേർ കൂട്ടത്തോടെ പരിയാനയിൽനിന്ന് തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതിയതിൽ അസ്വാഭാവികതയുണ്ട്.
Story Highlights: High tech cheating in VSSC exam;fraud team used self made device
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here