”ചരിത്ര നിമിഷം കാത്ത്” ദൗത്യം അവസാന ഘട്ടത്തിൽ; ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജം; ഐഎസ്ആർഒ

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.(Chandrayaan3 soft landing started by evening)
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ.
Read Also: നിഗൂഢതകളുടെ ദക്ഷിണധ്രുവം; ചന്ദ്രയാന്‍ 3 എന്തിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കന്നു
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.
ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്.ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും.
Story Highlights: Chandrayaan3 soft landing started by evening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here