Advertisement

‘കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ല’; പ്രത്യേക കോടതികൾക്കെതിരെ മദ്രാസ് ഹൈക്കോടതി

August 23, 2023
Google News 2 minutes Read
Madras HC Lashes Out Against Special Courts

Madras HC Lashes Out Against Special Courts: തമിഴ്നാട്ടിലെ പ്രത്യേക കോടതികളെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും കോടതി. സംസ്ഥാന മന്ത്രിമാർക്കെതിരായ റിവിഷൻ കേസിലാണ് രൂക്ഷമായ ഉണ്ടായിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആർ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വ്രണപ്പെടുത്തുമ്പോൾ കോടതിക്ക് നോക്കിനിൽക്കാനാവില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

പ്രത്യേക കോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു. ഒത്തുകളിക്കാരുമായി കോടതികൾക്ക് അവിശുദ്ധ സഖ്യമുണ്ടോ? കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്നും മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രണ്ട് മന്ത്രിമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷൻ കേസെടുത്തത്. കേസ് സെപ്റ്റംബർ 20ന് പരിഗണിക്കും.

നിലവിൽ തമിഴ്നാട് ധനമന്ത്രിയാണ് തങ്കം തെന്നരസു. 2006-11 കാലത്ത് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനും ഭാര്യ മണിമേഗലൈയ്‌ക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) കേസെടുത്തിരുന്നു. 2022 ഡിസംബറിൽ ശ്രീവില്ലിപുത്തൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. കുറ്റപത്രത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹർജി നൽകിയത്.

നിലവിലെ സർക്കാരിൽ റവന്യൂ മന്ത്രിയാണ് കെകെഎസ്എസ്ആർ രാമചന്ദ്രൻ. 43 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് രാമചന്ദ്രൻ, ഭാര്യ ആദിലക്ഷ്മി, അടുത്ത സഹായി ഷൺമുഖമൂർത്തി എന്നിവർക്കെതിരെ 2011ലാണ് ഡിവിഎസി കേസെടുക്കുന്നത്. 2016ൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് ഡിവിഎസി അവർക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിരുദുനഗർ കോടതി ഇവരെ വെറുതെവിട്ടത്.

Story Highlights: Madras HC Lashes Out Against Special Courts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here