മഴക്കെടുതി: ഹിമാചൽ പ്രദേശിന് 10 കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഹിമാചൽ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന് അയച്ച കത്തിലാണ് സ്റ്റാലിൻ തൻ്റെ പിന്തുണ അറിയിച്ചത്. ‘പ്രകൃതിക്ഷോഭത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാർ 10 കോടി രൂപ സംഭാവന ചെയ്യുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായം ആവശ്യമായി വന്നാൽ അറിയിക്കാൻ മടിക്കരുത്. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു’ – സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റാലിൻ കുറിച്ചു.
നേരത്തെ രാജസ്ഥാൻ (15 കോടി), ഛത്തീസ്ഗഡ് (11 കോടി) തുടങ്ങിയ സംസ്ഥാനങ്ങളും ഹിമാചൽ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Story Highlights: Tamil Nadu announces Rs 10 crore assistance to rain-hit Himachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here