എ സി മൊയ്തീന് ഇ ഡി നോട്ടീസ്; ഈ മാസം 31ന് ഹാജരാകണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎയ്ക്ക് 31ന് ഹാജരാകാൻ നോട്ടീസ് അയച്ചു. മൊയ്തീന്റെ ബിനാമികൾ എന്നുപറയുന്ന മൂന്ന് പേരോടും 30നും 31 നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.(ED Notice to AC Moitheen MLA)
സിപിഐഎം നേതാവ് എസി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് പുറത്തുവിട്ടിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി എ സി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. ഉടമസ്ഥര്‍ അറിയാതെ ഭൂമി പണയപ്പെടുത്തി ലോണ്‍ നേടിയെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights: ED Notice to AC Moitheen MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here