Advertisement

56 സെന്റും വീടും ‘മേപ്പടിയാന്’ വേണ്ടി പണയം വച്ചു; ധൈര്യം തന്നത് അച്ഛനും അമ്മയും: ഉണ്ണി മുകുന്ദൻ

August 25, 2023
Google News 2 minutes Read
Unnimukundan About Struggles Behind Meppadiyan movie

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലേക്ക് വന്നതിനേക്കുറിച്ച് തുറന്നെഴുതി നടൻ ഉണ്ണി മുകുന്ദൻ. തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതെന്നും ഉണ്ണി ഫെയ്സ്ബുക്കിലെഴുതി. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.(Unnimukundan About Struggles Behind Meppadiyan movie)

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ചിത്രം നിര്‍മ്മിച്ചതും.തളര്‍ന്നുപോവേണ്ട നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ നിന്നും

മേപ്പടിയാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. വിചിത്രമായ ചില കാരണങ്ങളാല്‍ ഈ പ്രോജക്റ്റ് നീണ്ടുപോയി. എന്നെ ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കില്‍ അത് 800 ന് മുകളില്‍ വരുന്ന, ഞാന്‍ അതുവരെ വായിച്ച തിരക്കഥകളില്‍ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. മേപ്പടിയാന്‍ നിര്‍മ്മിച്ച ഞങ്ങളുടെ നിര്‍മ്മാണ കമ്പനി വിജയകരമായ ഒന്നായിരുന്നു. പക്ഷേ വ്യക്തിപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് തുടക്കത്തില്‍ പിന്മാറേണ്ടിവന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് ഞങ്ങളെ പ്രോജക്റ്റ് ആരംഭിക്കുന്നതില്‍ നിന്ന് തടഞ്ഞ ഒരു മാന്യന്‍റെ വരവായിരുന്നു പിന്നീട്. ആ സമയമായപ്പോഴേക്ക് എനിക്ക് 20 കിലോ ശരീരഭാരം കൂടി. സമ്മര്‍ദ്ദവും കൂടിവന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് നിര്‍മ്മാതാവ് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകന്‍ വിഷ്ണു ബോധംകെട്ട് വീണു.

ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരിക്കിടയിലും സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ കാത്തിരിപ്പിലായിരുന്നു. പണം എവിടെനിന്ന് വരുമെന്നത് അജ്ഞാതമായി തുടരുന്നതിനിടെ വീട് ഈടായി നല്‍കി ലഭിച്ച പണം കൊണ്ട് ഞങ്ങള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഇത് വര്‍ക്ക് ആയില്ലെങ്കില്‍ ഇതുതന്നെയാവും അവസാനവുമെന്ന് ഞാനെന്‍റെ മാതാപിതാക്കളോട് പറഞ്ഞു. അവര്‍ എനിക്കൊപ്പം നിന്നു. എനിക്കുവേണ്ട ബലവും ധൈര്യവും തന്നു.

ഈ ചിത്രം ആരംഭിക്കാന്‍ ഞാന്‍ നേരിട്ട മുഴുവന്‍ പ്രതിബന്ധങ്ങളെക്കുറിച്ചും വിഷ്ണുവിന് അറിയാം. പിന്നീട് ഷൂട്ടിം​ഗ് നടന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ചിത്രം വര്‍ക്ക് ആവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുന്‍പാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനല്‍ പിന്മാറി. ഒടിടി ഡീല്‍ പൂര്‍ത്തിയാവാതെ നിന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതിനാല്‍ ചില പ്രധാന സിനിമകള്‍ റിലീസ് മാറ്റി. ആളുകള്‍ തിയറ്ററുകളില്‍ നിന്ന് അകന്നുനിന്ന സമയത്ത് കൂടുതല്‍ ചിത്രങ്ങളും ഒടിടി റിലീസിനെയാണ് ആശ്രയിച്ചത്. പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റര്‍ റിലീസ് എന്നതില്‍ സംശയമേതും ഉണ്ടായിരുന്നില്ല. അങ്ങനെ മേപ്പടിയാന്‍ തിയറ്ററുകളിലെത്തി. മികച്ച പ്രതികരണം ലഭിച്ചു. കുടുംബപ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തി. കടങ്ങള്‍ വീട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൈയടികളും ലഭിച്ചു. നിരവധി പുരസ്കാരങ്ങള്‍ മുന്‍പും ചിത്രത്തിന് ലഭിച്ചിരുന്നു. പക്ഷേ ഈ പുരസ്കാരം സ്പെഷല്‍ ആണ്. എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കും.

സിനിമയില്‍ ജയകൃഷ്ണന്‍ ചെയ്യുന്നതുപോലെ പുതിയ വീട് വെക്കാന്‍ കുറച്ച് സ്ഥലം ഞാന്‍ വാങ്ങി. ജയകൃഷ്ണന്‍ 52 സെന്‍റ് സ്ഥലമാണ് പണയം വച്ചതെങ്കില്‍ സിനിമയ്ക്കുവേണ്ടി ഞാന്‍ 56 സെന്‍റ് ആണ് വച്ചത്. ഒന്നും എളുപ്പമായിരുന്നില്ലെന്ന് പറയുകയായിരുന്നു. 18 വര്‍ഷം മുന്‍പ് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത് അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് എത്തുമ്പോള്‍ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. മുഴുവന്‍ മേപ്പടിടാന്‍ ടീമിനും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോ​ഗിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ഉദാരതയ്ക്കും പുതിയ തുടക്കങ്ങള്‍ക്കും അയ്യപ്പസ്വാമിയ്ക്ക് നന്ദി.

Story Highlights: Unnimukundan About Struggles Behind Meppadiyan movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here