Advertisement

“ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

August 23, 2023
Google News 3 minutes Read

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. (Chandrayaan-3: Meet the people behind India’s lunar mission)

ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കൂടാതെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തം. അതേ പ്രദേശത്ത് ചന്ദ്രനെ സ്പർശിക്കാനുള്ള റഷ്യയുടെ ശ്രമം എഞ്ചിൻ തകരാറിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിക്കാൻ ചന്ദ്രയാൻ 3 തയ്യാറാണ് എന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഈ അഭിമാന നിമിഷത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി പേരുണ്ട്. ഇന്ത്യയുടെ ഈ ചരിത്രദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പരിചയപ്പെടാം…

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്:

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് 2022 ജനുവരിയിൽ ഐഎസ്ആർഒയുടെ നേതൃത്വം ഏറ്റെടുക്കുകയും ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ ഒരു പ്രധാന വ്യക്തിയായി മാറുകയും ചെയ്തു. ഈ ദൗത്യത്തിന് മുമ്പ്, വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ എന്നിവയുടെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവ രണ്ടും ഐഎസ്ആർഒയുടെ റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക കേന്ദ്രങ്ങളാണ്.

കൂടാതെ ചന്ദ്രയാൻ-3, ആദിത്യ-എൽ1 (സൂര്യനെ പഠിക്കാനുള്ള ദൗത്യം), ഗഗൻയാൻ (ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ദൗത്യം) തുടങ്ങിയ ദൗത്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനീയറിങ് മേഖലയിൽ വിദഗ്ധനായ അദ്ദേഹം പിഎസ്എൽവി, ജിഎസ്എൽവി എംകെIII എന്നിവയുടെ മൊത്തത്തിലുള്ള ആർക്കിടെക്ചർ, പ്രൊപ്പൽഷൻ ഘട്ടങ്ങളുടെ രൂപകൽപ്പന, സ്ട്രക്ച്ചറൽ ഡൈനാമിക്സ് ഡിസൈനുകൾ, സെപറേഷൻ സിസ്റ്റംസ്, വെഹിക്കിൾ ഇന്റഗ്രേഷൻ, ഇന്റഗ്രേഷൻ പ്രൊസീജർസ് ഡിവലപ്പ്മെന്റ് എന്നിവയിൽ നിർണായക സംഭാവനകൾ നടത്തിയിട്ടുണ്ട്.

ചന്ദ്രയാൻ-3 പ്രോജക്ട് ഡയറക്ടർ, പി വീരമുത്തുവേൽ:

പി വീരമുത്തുവേൽ 2019-ൽ ചാന്ദ്രയാൻ-3 ന്റെ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. പിഎച്ച്.ഡി ഹോൾഡറായ പി വീരമുത്തുവേൽ മദ്രാസിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

മുൻ ഐഎസ്ആർഒ മേധാവി കെ ശിവന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ‘വനിത’യുടെ പിൻഗാമിയാണ് അദ്ദേഹം. ഇതിന് മുമ്പ് ഐഎസ്ആർഒയുടെ പ്രധാന ഓഫീസിലെ സ്‌പേസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്.

വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ:

കേരളത്തിലെ തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിഎസ്എസ്സിയുടെ ഡയറക്ടറാണ് എസ് ഉണ്ണികൃഷ്ണൻ നായർ. ഇപ്പോൾ ലോഞ്ച് വെഹിക്കിൾ മാർക്ക്-III എന്നറിയപ്പെടുന്ന ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) മാർക്ക്-III വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വിഎസ്എസ്സിക്കായിരുന്നു. VSSC യുടെ തലവൻ എന്ന നിലയിൽ എസ് ഉണ്ണികൃഷ്ണൻ നായരും സംഘവും ഈ സുപ്രധാന ദൗത്യത്തിന്റെ വിവിധ നിർണായക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

യു ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആർഎസ്‌സി) ഡയറക്ടർ, എം ശങ്കരൻ:

2021 ലാണ് എം ശങ്കരൻ, യു ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആർഎസ്‌സി) ഡയറക്ടറുടെ റോൾ ഏറ്റെടുത്തത്. ആശയവിനിമയം, നാവിഗേഷൻ, റിമോട്ട് സെൻസിംഗ്, കാലാവസ്ഥാ പ്രവചനം, ഗ്രഹ പര്യവേക്ഷണം എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ടീമിനെ ശങ്കരൻ നയിക്കുന്നു.

ഐഎസ്ആർഒയ്ക്ക് വേണ്ടി ഇന്ത്യയുടെ എല്ലാ ഉപഗ്രഹങ്ങളും രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക എന്നതാണ് യുആർഎസ്‌സിയുടെ ചുമതല.

Story Highlights: Chandrayaan-3: Meet the people behind India’s lunar mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here