Advertisement

‘കേരളത്തിലെ ഗതാഗത സംവിധാനം പിന്നില്‍; വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ’; മുഖ്യമന്ത്രി

August 26, 2023
0 minutes Read
CM Pinarayi Vijayan transport systems in kerala

സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാള്‍ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും വന്ദേഭാരതിലെ തിരക്ക് അത് വ്യക്തമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ കാലത്ത് വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതിനാല്‍ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. എന്നാല്‍ നൂതനമായ ഗതാഗത സംവിധാനങ്ങള്‍ ആര്‍ക്കാണ് വേണ്ടതെന്ന് ചില കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിതെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു.

എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്നവരാണ് നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് വന്ദേഭാരത് ട്രെയിന്‍ ഇവിടെ ഓടിത്തുടങ്ങിയത്. നിലവില്‍ അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. അത്രയേറെ ആളുകള്‍ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം നഗരവല്‍കരിക്കപ്പെടുന്ന കേരളത്തില്‍ നവകേരള നഗരനയം രൂപവല്‍കരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് നടപ്പാക്കുന്നതിന് പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷന്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നഗരനയത്തിന്റ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Pakistani national held by BSF while trying to cross border in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement