കേസെടുത്തത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല; പി ഒ സതിയമ്മയെ പിന്തുണച്ച് യുഡിഎഫ്

പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തതിനെതിരെ യുഡിഎഫ്. കേസ് എടുത്തത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പമുണ്ടെന്നും സതിയമ്മ പറഞ്ഞു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സതിയമ്മ ആരോപിച്ചു. സത്യസന്ധമായി മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. താന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണെന്നും കേസിനെ ഭയക്കുന്നില്ലെന്നും സതിയമ്മ പറഞ്ഞു. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് സതിയമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് ലിജിമോള്‍ പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ട് വ്യാജമെന്നും ലിജിമോള്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.
വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതികരണവുമായി കെ.സി ലിജി മോള്‍ രംഗത്തെത്തിയത്. തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here