‘മകനെ വേട്ടയാടുന്നു, വിട്ടയക്കണം’; ചുംബനവിവാദത്തിൽ പെട്ട ലൂയിസ് റൂബിയാലസിൻ്റെ അമ്മ നിരാഹാര സമരത്തിലേക്ക്

ചുംബന വിവാദത്തിൽ പെട്ട സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ലൂയിസ് റൂബിയാലസിൻ്റെ അമ്മ നിരാഹാര സമരം ആരംഭിച്ചു. മകനെ വേട്ടയാടുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് റൂബിയാലസിൻ്റെ അമ്മ ഏഞ്ചലസ് ബേഹാർ ഒരു പള്ളിക്കുള്ളിൽ കയറി അകത്തുനിന്ന് പൂട്ടി നിരാഹാര സമരം ആരംഭിച്ചത്.
തൻ്റെ മകനെതിരെ നടക്കുന്ന അന്യായമായ വേട്ടയാടലിന് ഒരു പരിഹാരം കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ഏഞ്ചലസ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ സ്പെയിനിലെ മോട്രിലിലെ ഒരു പള്ളിയ്ക്കുള്ളിലാണ് ഏഞ്ചലസ് സ്വയം അടച്ചുപൂട്ടിയിരിക്കുന്നത്. പള്ളിയിൽ നിന്ന് പാതിരി പോയതിനു പിന്നാലെ സഹോദരിക്കൊപ്പമെത്തിയ ഏഞ്ചലസ് പള്ളി അകത്തുനിന്ന് പൂട്ടി നിരാഹാരം ആരംഭിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായെന്ന് അവകാശപ്പെടുന്ന ജെന്നി ഹെർമോസോ സത്യം പറയണമെന്ന് ഏഞ്ചലസ് പറയുന്നു. ചിത്രത്തിൽ കാണുന്നത് തെളിവാണ്. അവിടെ ലൈംഗികാതിക്രമം നടന്നിട്ടില്ല. എന്തുകൊണ്ടാണ് മകനെ ആക്രമിക്കുന്നത് എന്നും അവർ ചോദിക്കുന്നു.
വനിതാ ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയതിനു പിന്നാലെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. സ്പാനിഷ് ടീമംഗം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ബലമായി ചുംബിച്ചത് വിവാദമായി. തുടർന്ന് സ്പാനിഷ് ടീമംഗങ്ങൾ മുഴുവനും റൂബിയാലസിനെതിരെ രംഗത്തുവന്നു. പ്രസിഡൻ്റ് രാജിവെക്കുന്നത് വരെ തങ്ങൾ സ്പെയിനു വേണ്ടി കളിക്കില്ലെന്ന് ഇവർ ഒരുമിച്ച് തീരുമാനമെടുത്തു. എന്നാൽ, ജെന്നിയുടെ സമ്മതപ്രകാരമാണ് താൻ ചുംബിച്ചതെന്നും രാജിവെക്കില്ലെന്നും റൂബിയാലസ് നിലപാടെടുത്തു. ഇതിനു പിന്നാലെ ഫിഫ ഇയാളെ പുറത്താക്കി. ഇപ്പോഴും സ്ഥാനം രാജിവെക്കാൻ റൂബിയാലസ് തയ്യാറായിട്ടില്ല. ഉഭയസമ്മത പ്രകാരമാണ് ആ ചുംബനം നടന്നതെന്ന് ഇയാൾ വാദിക്കുന്നു. എന്നാൽ, താൻ ചുംബനത്തിന് സമ്മതം നൽകിയിരുന്നില്ലെന്ന് ഹെർമോസോ പറഞ്ഞു.
Story Highlights: Luis Rubiales mother hunger strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here