Advertisement

“പത്ത് തവണ ക്ഷമാപണം നടത്താൻ തയ്യാർ”; സോഫിയ ഖുറേഷിയ്ക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബി.ജെ.പി മന്ത്രി

20 hours ago
Google News 2 minutes Read

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ. സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ പറഞ്ഞു. എൻഡിടിവി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അധിക്ഷേപ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഷായുടെ അപക്വമായ പരാമർശത്തെ ബിജെപിയും വിമ‍ർശിച്ചിരുന്നു. പിന്നാലെയാണ് ഷമാപണവുമായി ഷാ രംഗത്തെത്തിയത്.

‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ്’ -വിജയ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാൻ സർക്കാർ ദൗത്യം ഏൽപ്പിച്ച കേണൽ സോഫിയ ഖുറേഷിയ്ക്ക് എതിരെയാണ് അധിക്ഷേപ പരാമർശം മന്ത്രി നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്.

‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ – എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

Story Highlights : Minister Ready To Apologise 10 Times Over Col Qureshi Remark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here