Advertisement

ആ ക്ലീന്‍ ചിറ്റ് കോടതി തള്ളി; എം ആര്‍ അജിത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

2 hours ago
Google News 2 minutes Read
probe against mr ajith kumar explained

എഡിജിപി എം ആര്‍ അജിത് കുമാറിനെ ആരോപണങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അഭ്യന്തരവകുപ്പ് നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടിയോ? അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയത് വന്‍ തിരിച്ചടിയായി. വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും, കേസ് അന്വേഷണം കോടതി നേരിട്ട് നടത്തുമെന്നുമാണ് കോടതി റിപ്പോര്‍ട്ട് തള്ളിയുള്ള ഉത്തരവില്‍ പറയുന്നത്. എം ആര്‍ അജിത് കുമാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പൂര്‍ണമായ വിവരം, അജിത് കുമാറിന്റെ ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും, സ്വത്തുവിവരവും സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മാത്രമേ ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയുള്ളൂ എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. (probe against mr ajith kumar explained)

അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കാതെ വന്നതോടെ ആഭ്യന്തരവകുപ്പും പ്രതിരോധത്തിലായിരിക്കയാണ്. തിരുവനന്തപുരം കവടിയാറില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുവാങ്ങി, അത്യാഡംബര ഭവനം പണിയുന്നുവെന്നും, ഫ്ളാറ്റ് വാങ്ങി ദിവസങ്ങള്‍ക്കകം മറിച്ചുവിറ്റുവെന്നും, ഇതിന് പിന്നില്‍ അഴിമതപ്പണമാണെന്നുമായിരുന്നു ആരോപണം.

Read Also: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25,000 വ്യാജ വോട്ടുകള്‍; ആരോപണവുമായി കോണ്‍ഗ്രസ്

ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമായിരുന്നു എന്നും പരാതിക്കാരനില്‍ നിന്നും മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. പരാതിക്കാരന്റെയും സാക്ഷികളുടേയും മൊഴികൂടി എടുത്തതിന് ശേഷം ഈ മാസം 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതോടെ അവസാനിച്ചുവെന്ന് കരുതിയ അനധികൃത സ്വത്ത് സമ്പാദനക്കേസ് വീണ്ടും സജീവമാകുകയാണ്. കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ അഭിഭാഷകന്‍ നാഗരാജു നല്‍കിയ പരാതിയിലാണ് സംസ്ഥാന വിജിലന്‍സ് സംഘം അന്വേഷണം നടത്തിയത്. വളരെ ധൃതിപിടിച്ചായിരുന്നു അന്വേഷണം. അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും കവടിയാറില്‍ പണിയുന്ന വീടിനായി ഒന്നരകോടി രൂപ ബാങ്കില്‍ നിന്നും വായ്പയായി എടുത്തതാണെന്നും, ഭാര്യാസഹോദരനുമായി ചേര്‍ന്ന് വാങ്ങിയ ഭൂമിയുടെ ക്രയവിക്രയത്തില്‍ സംശായാസ്പദമായി ഒന്നും ഉണ്ടായില്ലെന്നുമായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. കവടിയാറില്‍ സെന്റിന് 70 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പി വി അന്‍വറിന്റെ ആരോപണം.

എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണം ഭരണപക്ഷത്തിന് പ്രതിരോധമായി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും എം ആര്‍ അജിത്കുമാറും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയെന്നായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിന്റെ നീക്കങ്ങള്‍ സംശയാസ്പദമാണെന്നും, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടിക്കുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഒരു പങ്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നുവെന്നും, ഈ അഴിമതി പണമാണ് ഗൃഹനിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ആരോപണമുയര്‍ന്നു. ഇതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നുമായിരുന്നു ഉയര്‍ന്ന ആവശ്യം.

പൂരംകലക്കലുമായി ബന്ധപ്പെട്ടുണ്ടായ വെളിപ്പെടുത്തലുകള്‍ എം ആര്‍ അജിത് കുമാറിനെ കടുത്ത പ്രതിരോധത്തിലാക്കി. സി പി ഐ അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നപ്പോഴും ആഭ്യന്തരവകുപ്പ് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു തുടര്‍ന്നത്. കടുത്ത സമ്മര്‍ദങ്ങളും ആരോപണ പെരുമഴയുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാര്‍ എം ആര്‍ അജിത് കുമാറിന് സംരക്ഷണ കവചം തീര്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് ലോ- ആന്റ് ഓര്‍ഡര്‍ ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം കേരളത്തില്‍ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏറ്റവും ഒടുവില്‍ വിജിലന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു. ആരോപണ വിധേയനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും, അതേ ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥനെകൊണ്ട് അന്വേഷണം നടത്തിക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പൂരംകലക്കലുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ്- ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മൂന്ന് തരത്തിലുള്ള അന്വേഷണ സംഘത്തെയാണ് പൂരം കലക്കല്‍ കേസില്‍ അന്വേഷണം നടത്തുന്നത്. ആ സംഘത്തിന്റെ അന്വേഷണം ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്.

എം ആര്‍ അജിത് കുമാര്‍ കേരളത്തില്‍ പൊലീസ് മേധാവിയാകുമെന്നും വിജിലസ് അന്വേഷ റിപ്പോര്‍ട്ട് എതിരായാല്‍ അത് പ്രമോഷനെ ബാധിക്കുമെന്നും വ്യക്തമായി അറിയാവുന്നവര്‍ തന്നെ പൊലീസ് ഉന്നതന് സുരക്ഷയൊരുക്കാന്‍ രംഗത്തെത്തുകയായിരുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പൂരം കലക്കല്‍ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചതായാണ് എം ആര്‍ അജിത് കുമാറിനെതിരെയുണ്ടായ കണ്ടെത്തല്‍. എന്നാല്‍ എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പൂരംകലക്കല്‍ വിവാദത്തിലും സര്‍ക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്.

ആര്‍ എസ് എസ് നേതാവ് ദത്താത്രയ ഹൊസബാളയുമായും തൃശ്ശൂരില്‍ വച്ച് ആര്‍ എസ് എസ് നേതാവായിരുന്ന ജയകുമാറുമായും അജിത്ത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എം ആര്‍ അജിത് കുമാറിനെ പിന്നീട് ലോ-ആന്റ് ഓര്‍ഡര്‍ ചുമതലകളില്‍ നിന്നും മാറ്റിയെങ്കിലും പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ കരുത്തനായ ഓഫീസറായി തുടരുകയാണ്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കുലുങ്ങാത്ത എം ആര്‍ അജിത് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ എങ്ങിനെ അതിജീവിക്കുമെന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്.

Story Highlights : probe against mr ajith kumar explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here