വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ ആശുപത്രി വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച അഫാനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റി. സെല്ലിൽ പ്രത്യേക നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാന്റെ ആത്മഹത്യാശ്രമം. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികൾക്ക് മേൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂട്ടകൊലപാതകക്കേസിൽ ഒരേയൊരു പ്രതി മാത്രമുള്ളതിനാൽ പരമാവധി ശിക്ഷ പ്രതി അഫാന് ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പൊലീസ് നടത്തിയിരുന്നു.
750 പേജുകൾ ഉള്ള കുറ്റപത്രത്തിൽ 130 സാക്ഷികൾ ഉണ്ട്.മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പ്രതി അഫാൻ്റെ നീക്കമെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഫർസാനയോട് വൈരാഗ്യം എന്നും കണ്ടെത്തി. പണയംവെക്കാൻ നൽകിയ സ്വർണം തിരികെ ചോദിച്ചതാണ് വൈരാഗ്യ കാരണമെന്ന് കുറ്റപത്രത്തിൽ ചൂണ്ടി കാണിക്കുന്നു. സാമ്പത്തികമായ കാരണങ്ങളാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതോടെ കൂട്ടക്കൊലയിലെ മൂന്നു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ അഞ്ചു പേരെയാണ് അഫാൻ നിഷ്ടൂരം കൊലപ്പെടുത്തിയത്.
Story Highlights : Venjaramoodu massacre: Accused Afan discharged from hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here