പാക് അധീന കശ്മീരിൽ വൈദ്യുതിയ്ക്ക് ചെലവേറുന്നു; പ്രതിഷേധം രൂക്ഷം

പാക് അധീന കശ്മീരിൽ വൈദ്യുതിയ്ക്ക് ചെലവേറുന്നു. വൈദ്യുതി ബിൽ തുകയിൽ വമ്പൻ വർധനവാണ് ഓഗസ്റ്റ് മുതൽ ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയത് ക്രമസമാധാനത്തെ ബാധിച്ചു. വിവിധയിടങ്ങളിലും പ്രതിഷേധക്കാർ അക്രമാസക്തരായി. ക്രമസമാധാനനില അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പലരും ആഹ്വാനം ചെയ്യുന്നുണ്ട്.
രൂക്ഷമായ വിലക്കയറ്റത്തിൽ പാകിസ്താൻ വലയുകയാണ്. 3 ബില്ല്യൺ ഡോളറിൻ്റെ സഹായധനം പ്രഖ്യാപിച്ച രാജ്യാന്തര നാണയ നിധി വിവിധ നിബന്ധനകൾ ഏർപ്പെടുത്തിയത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്. രാജ്യം മുഴുവൻ ഇതിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും പാക് അധിനിവേശ കശ്മീരിലാണ് വൈദ്യുതി ബിൽ അധികരിച്ചത് ഏറെ പ്രതിസന്ധിയുണ്ടാക്കിയത്. ഇടക്കിടെയുള്ള പവർ കട്ടും ഉയർന്ന ബില്ലുകളും കാരണം ഇവിടെ താമസിക്കുന്നവർ കുഴയുകയാണ്.

ഉയർന്ന വൈദ്യുതി ബില്ലിൻ്റെ ചിത്രങ്ങൾ ചിലർ എക്സ് ആപ്പിൽ പങ്കുവച്ചിട്ടുണ്ട്. 308 യൂണിറ്റിന് 14,409 പാകിസ്താൻ രൂപയുടെ ബില്ല് വന്നതായി അദ്നാൻ ഖാൻ യൂസഫ് സായി പറയുന്നു. 40,000 രൂപ ശമ്പളമുള്ള തനിക്ക് 10,000 രൂപ ബില്ല് വന്നതായി മറ്റൊരു അക്കൗണ്ട് കുറിച്ചു. 300 യൂണിറ്റ് വൈദ്യുതിക്കായി പാകിസ്താനിൽ അടക്കേണ്ട ശരാശരി വൈദ്യുതി ബിൽ 12,000 രൂപയാണ് എന്ന് സൗത്ത് ഏഷ്യ ഇൻഡക്സ് പറയുന്നു. ഇതേ യൂണിറ്റ് വൈദ്യുതിക്ക് ഇന്ത്യയിലെ ശരാശരി ചെലവ് 1,300 രൂപ.
Story Highlights: POK high power bills protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here