‘കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി’; നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്

നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. മന്ത്രി പി രാജീവ് അപ്പോൾ തന്നെ ജയസൂര്യക്ക് മറുപടി നൽകിയതാണ് എന്ന് മന്ത്രി പറഞ്ഞു. മന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ നൽകിയില്ല. ജയസൂര്യ പരാമർശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിൻ്റെ പാടശേഖരത്തിൽ എല്ലാവരും മാസങ്ങൾക്ക് മുൻപ് പണം വാങ്ങിയതാണ് എന്നും മന്ത്രി പ്രതികരിച്ചു. (p prasad actor jayasurya)
എത്ര കാപട്യങ്ങളാണ് അരങ്ങത്തേക്ക് ഇറക്കുന്നത്. കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്. സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ് എന്നും മന്ത്രി പറഞ്ഞു.
Read Also: ‘തിരുവോണത്തിന് പട്ടിണിയിരിക്കുന്ന കർഷകർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്’; മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ
മന്ത്രിമാരെ വേദിയിലിരുത്തിയാണ് സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ രംഗത്തുവന്നത്. തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിമർശനം. കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.
ഇവന് ഇത് രഹസ്യമായി പറഞ്ഞാൽ പോരേ എന്ന് തോന്നിയേക്കാം. എന്നാൽ പരസ്യമായി പറഞ്ഞാൽ ഇടപെടൽ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു. ‘കൃഷിക്കാരുടെ പ്രശ്നങ്ങൾ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണനാളിൽ അവർ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ്.
പുതിയ തലമുറയിലെ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കൾ എങ്ങനെയാണ് സാർ, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കർഷകരുടെ പ്രശ്നത്തിൽ അതിവേഗം സർക്കാർ ഇടപെടണം.’ ജയസൂര്യ പറഞ്ഞു.
Story Highlights: p prasad answer actor jayasurya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here