Advertisement

ജയസൂര്യക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

August 31, 2023
1 minute Read
Kerala congress Joseph group support Jayasurya

കര്‍ഷക വിഷയത്തില്‍ മന്ത്രിമാരെ വേദിയിലിരുത്തി പ്രതികരിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജയസൂര്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് പി സി തോമസ് പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയില്‍ കര്‍ഷക വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നും പി സി തോമസ് വ്യക്തമാക്കി.

ജയസൂര്യക്കെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൃഷിമന്ത്രി പി പ്രസാദ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ജയസൂര്യ ഉന്നയിച്ചതെന്നും പിന്നില്‍ മറ്റ് കാര്യങ്ങളാണെന്നും പി പ്രസാദ് ട്വന്റിഫോര്‍ ന്യൂസ് ഈവനിംഗില്‍ പറഞ്ഞു.

ജയസൂര്യ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് നടന്‍ ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് പിന്തുണയുമായി കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദും കെ മുരളീധരന്‍ എംപിയും പാലക്കാട്ടെ കര്‍ഷകരും രംഗത്തെത്തി. അതേസമയം പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കര്‍ഷക സ്‌നേഹമെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.

കാര്‍ഷികോത്സവ വേദിയില്‍ മന്ത്രിമാര്‍ ഇരിക്കെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജയസൂര്യ. ആറുമാസം മുന്‍പ് ശേഖരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാത്തത് അനീതിയല്ലേ എന്നും കൃഷിമന്ത്രിയെ പരിപാടിയില്‍ കണ്ടപ്പോഴാണ് തനിക്കറിയാവുന്ന കര്‍ഷകരുടെ പ്രതിസന്ധികള്‍ ഉന്നയിച്ചതെന്നും ജയസൂര്യ പറഞ്ഞു. തനിക്ക് ഇടത് , വലത്, ബിജെപി രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. കളമശ്ശേരിയിലെ പരിപാടിക്ക് വിളിച്ചത് മന്ത്രി പി രാജീവാണ്. സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച കാര്യമാക്കുന്നില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും ജയസൂര്യ വ്യക്തമാക്കി.

Read Also: റവന്യൂ ഉദ്യോഗസ്ഥന്‍ പ്രതിയായ കേസില്‍ നവ്യ നായരെ ചോദ്യം ചെയ്ത് ഇ.ഡി

ജയസൂര്യയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ മെത്തുമ്പോള്‍ ഇടത് അനുകൂല സംഘടനകള്‍ പ്രതിരോധവുമായി രംഗത്തെത്തുന്നുണ്ട്. നെല്ലിന്റെ സംഭരണവില നല്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാത്തത് ഭീരുത്വമെന്നും വസ്തുതകള്‍ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാന്‍ എന്തും വിളിച്ച് പറയുന്നത് ശരിയല്ലെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Story Highlights: Kerala congress Joseph group support Jayasurya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top