ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും ജയിച്ചപ്പോൾ അഞ്ചിൽ പാകിസ്താൻ വിജയിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയും ബാബർ അസമിന്റെ പാക്കിസ്താനും ഒരിക്കൽ കൂടി ഏറ്റുമുട്ടിയതിന്റെ ആവേശത്തിലാണ് ആരാധകർ. പാക് പേസർമാരും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യൻ ശക്തി. മധ്യനിരയിൽ ഇഷാൻ കിഷനും കരുത്ത് പകരുന്നു. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തിരിച്ചുവരവ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് മറ്റൊരു ആശ്വാസം. അതേസമയം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 238 റൺസിന്റെ വമ്പൻ ജയം രേഖപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ.
Story Highlights: Asia Cup 2023: India vs Pakistan