Advertisement

പുതുപ്പള്ളിയോടൊപ്പം നാളെ ജനവിധി തേടുന്നത് ആറ് മണ്ഡലങ്ങൾ; ‘ഇൻഡ്യ’ക്ക് ശക്തി തെളിയിക്കാനാകുമോ?

September 4, 2023
Google News 1 minute Read

പുതുപ്പള്ളിയോടൊപ്പം നാളെ ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുക. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സീറ്റാണ്. എം.എൽ.എയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ത്രിപുരയിലെ ധൻപൂർ മണ്ഡലം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് സി.പി.എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. തന്‍റെ ലോക്സഭ സീറ്റ് നിലനിർത്താനായാണ് ഇവർ രാജിവെച്ചത്. ത്രിപുരയിലെ ബോക്സാനഗറിൽ സി.പി.എമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

യു.പിയിലെ ഘോസിയിൽ എസ്.പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഐഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്.

അതേസമയം സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാൻ കൂടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.

Story Highlights: Bypolls In 7 Assembly Seats Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here