മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് ഹൈക്കോടതി

ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർ പ്രദേശിലെ നിർബന്ധിത മതം മാറ്റ നിരോധന നിയമത്തിനു കീഴിൽ ഇത് വരില്ലെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് നിരീക്ഷിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടയാളുകളെ ക്രിസ്തുമതത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിൽ പൊലീസ് പിടികൂടിയ രണ്ട് പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ബൈബിൾ വിതരണം ചെയ്തത് ഈ നിയമത്തിനു കീഴിൽപെടുത്തി കേസെടുക്കാനാവുന്ന കുറ്റമല്ല. കേസിൽ കുറ്റാരോപിതരായിരുന്ന ജോസ് പാപ്പച്ചൻ, ഷീജ എന്നിവരുടെ ജാമ്യം തടയണമെന്ന ഹർജിയും കോടതി തള്ളി.
ഈ വർഷം ജനുവരി 24ന് ഒരു ബിജെപി നേതാവ് നൽകിയ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടയാളുകൾക്ക് ബൈബിൾ വിതരണം ചെയ്ത് അവരെ ക്രിസ്തുമതത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്.
പഠിപ്പിക്കുന്നതോ വിശുദ്ധ ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നതോ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതോ പരസ്പരം കലഹിക്കരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്നതോ മദ്യപിക്കരുതെന്ന് പറയുന്നതോ നിയമപ്രകാരം തെറ്റല്ല. യുപി മതംമാറ്റ നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രമാണ് പരാതി നൽകാൻ കഴിയുക എന്നും കോടതി നിരീക്ഷിച്ചു.
Story Highlights: Distribution Bible religious conversion High Court