ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്; അവര്‍ തന്നതല്ല, പിടിച്ചുവാങ്ങിയതാണ്; കെ സുധാകരന്‍

പുതുപ്പള്ളിയില്‍ യുഡിഎഫിന്റേത് ചരിത്ര വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹതാപതരംഗം മാത്രമല്ല, പുതുപ്പള്ളിയിലുണ്ടായത് പിണറായി സര്‍ക്കാരിനുള്ള തിരിച്ചടി കൂടിയാണ്. സിപിഐഎം ആരോപണം പോലെ ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നും അത് പിടിച്ചുവാങ്ങിയ വോട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു.(K Sudhakaran against CPIM Puthuppally by election)
ജെയ്കിന് കിട്ടുന്നതിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടിക്ക് കിട്ടുമെന്ന് നേരത്തെ താന്‍ നേരത്തെ പറഞ്ഞതാണ്. ഒരാഴ്ചക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി, ഈ ട്രെന്‍ഡ് യുഡിഎഫിന് വ്യക്തമായിരുന്നു. അത് നൂറുശതമാനവും സത്യമായി . ഈ വിജയം യുഡിഎഫിന് കരുത്തുമാത്രമല്ല, എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.അതെ കിട്ടിയിട്ടുണ്ട്. പക്ഷേ അവര്‍ തന്നതല്ല, ഞങ്ങള്‍ പിടിച്ചുവാങ്ങിയതാണ്. അതുപോലെ സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. സുധാകരന്‍ പ്രതികരിച്ചു.
ജെയ്കിന്റെ സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം കിട്ടിയില്ലെന്നും ആ വോട്ടെല്ലാം എവിടെ പോയെന്നും കെ സുധാകരന്‍ ചോദിച്ചു. കക്ഷി രാഷ്ട്രീയത്തിന് അധീതമായാണ് പുതുപ്പള്ളിക്കാര്‍ വോട്ടുചെയ്തത്. ഈ തെരഞ്ഞെടുപ്പ് ഫലം കേവലം വിജയം മാത്രമല്ല, ഇടതുസര്‍ക്കാരിനോടുള്ള പ്രതികാരമാണെന്നാണ് എകെ ബാലനെപ്പോലുള്ളവരോട് പറയാനുള്ളത്. ഇടതുമുന്നണി ഭരിച്ച് ഭരിച്ച് കേരളം തകര്‍ത്ത് തരിപ്പണമാക്കി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് അപമാനകരമാകുന്ന ഏകാധിപത്യ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. കൊള്ളരാഷ്ട്രീയത്തിനും കുടുംബാധിപത്യത്തിനും ധിക്കാരത്തിനും ഉള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പുതുപ്പള്ളിക്കാര്‍ക്കെല്ലാം കെപിസിസി നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. സഹതാപതരംഗം മാത്രമല്ല പുതുപ്പള്ളിയിലുണ്ടായത്, നൂറുശതമാനം രാഷ്ട്രീയവിജയമാണ് എന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 36,454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
Story Highlights: K Sudhakaran against CPIM Puthuppally by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here