Advertisement

ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലാണ് മത്സരം ഉണ്ടായത്, ഈ സഹതാപം അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല; എം. സ്വരാജ്

September 8, 2023
Google News 1 minute Read
M Swaraj reacted to Puthuppally bypoll

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ്. അന്തരിച്ച ഉമ്മൻ ചാണ്ടിയും ജെയ്ക് സി തോമസും തമ്മിലാണ് മത്സരം ഉണ്ടായത്. മരണപെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതെരഞ്ഞെടുപ്പുകളിലുണ്ട്. ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. അതാണ് അരുവിക്കരയിൽ കണ്ടത്. ബി.ജെ.പി എല്ലാ കാലത്തും വോട്ട് കച്ചവടക്കാരാണെന്നും എം. സ്വരാജ് ആരോപിച്ചു.

ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതിൽ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സിൽവർ ലൈൻ ഉണ്ടാക്കിയ ആഘാതവും എന്താണെന്ന് ഇടതുമുന്നണിയെ പഠിപ്പിക്കുകയാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടി എന്ന വികാരം മാത്രമല്ല പ്രതിഫലിച്ചത് എന്ന് വിളിച്ചുപറയുന്നതാണ് ചാണ്ടി ഉമ്മന്റെ അത്യുജ്ജ്വല ഭൂരിപക്ഷം. സർക്കാരിനെ തിരുത്താൻ കൂടി പുതുപ്പള്ളിയിലെ ജനത വോട്ട് ചെയ്തു എന്ന പ്രതിപക്ഷ ആരോപണത്തിന് സർക്കാരും സിപിഐഎമ്മും മറുപടി പറയേണ്ടി വരും. തൃക്കാക്കരയേക്കാൾ ശക്തമായ ആഘാതമാണ് പുതുപ്പള്ളി നൽകിയത്.

ഈ തെരഞ്ഞെടുപ്പിൽ ഒട്ടും ആത്മവിശ്വാസമില്ലാതെ ഇറങ്ങിയയാളാണ് ജെയ്ക് സി തോമസ്. മൽസരിക്കാനില്ല എന്ന് പാർട്ടിയെ അറിയിച്ചു എന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതായിരുന്നു ആദ്യദിവസങ്ങളിലെ പ്രതികരണവും. ഉമ്മൻ ചാണ്ടി എന്ന വികാരത്തിനപ്പുറം സർക്കാർ വിരുദ്ധ വികാരവും ശക്തമാണെന്ന് നേതാക്കൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. അതിനു തടയിടാനായിരിന്നു സിപിഐഎം ഉയർത്തിയ വിശുദ്ധപദവി വിവാദവും വികസനവും. അതു രണ്ടുമാണ് തോൽവിയുടെ ആഘാതം കൂട്ടിയത് എന്ന വിമർശനത്തിന് ഇനി പാർട്ടി മറുപടി പറയേണ്ടി വരും. മൂന്നാമതും തോറ്റ ജെയ്ക് സി തോമസ് വ്യക്തിപരമായി ഏറെ സമ്മർദ്ദങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയത്.

സിപിഐഎം നേതാക്കളും മന്ത്രി വി എൻ വാസവനും ഇതുവരെ പറഞ്ഞതെല്ലാം തിരുത്തേണ്ടിയും വരും. 2011ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഉമ്മൻചാണ്ടിക്കെതിരേ സുജ സൂസൻ ജോർജ് നേടിയ 36,573 എന്ന വോട്ടായിരുന്നു ഇതുവരെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടായി കണക്കാക്കിയിരുന്നത്. പോൾ ചെയ്ത വോട്ടിന്റെ കണക്കെടുക്കുമ്പോൾ അതിലും വലിയ തിരിച്ചടിയാണ് ഇത്തവണ. മാസപ്പടി വിവാദം കത്തി നിൽക്കുമ്പോഴാണ്പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ എ സി മൊയ്തീന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. ഇതിനിടെ സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണത്തിനു പോലും നേരിടേണ്ടി വന്ന വിമർശനം. ഈ തോൽവിക്ക് ഉത്തരം പറയാൻ ഏറ്റവും നിർബന്ധിതനാവുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

Story Highlights: M Swaraj reacted to Puthuppally bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here