കുറഞ്ഞുകുറഞ്ഞ് തീരെക്കുറഞ്ഞ്…; കുത്തനെ വീണ ബിജെപി പെർഫോമൻസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ കരുത്തുറ്റ വിജയം നേടിയപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ ഭരണവിരുദ്ധ വികാരവും ജെയ്ക് സി തോമസിൻ്റെ ഹാട്രിക്ക് തോൽവിയുമൊക്കെ ചർച്ചയായി. ഇതിനിടയിൽ ബിജെപിയുടെ അവസ്ഥ ആരുമങ്ങനെ തിരഞ്ഞില്ല. വെറും 6486 വോട്ട് മാത്രമാണ് ലിജിൻ ലാൽ നേടിയത്. ഈ കണക്ക് കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പുമായി ചേർത്തുവായിക്കുമ്പോൾ ബിജെപിയ്ക്ക് ആശങ്കയുണ്ടാക്കും. കാരണം, പടവലം പോലെ താഴേക്കാണ് പുതുപ്പള്ളിയിൽ ബിജെപിയുടെ പ്രകടനം. (puthuppally election bjp performance)
2016 തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി ഉമ്മൻ ചാണ്ടിയും സിപിഐഎം സ്ഥാനർത്ഥിയയി ജെയ്ക് സി തോമസും മത്സരിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി അഡ്വ. ജോർജ് കുര്യനായിരുന്നു. ജെയ്ക് ആദ്യമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. 71,597 വോട്ടുകൾ നേടി ഉമ്മൻ ചാണ്ടി കൃത്യമായ ഭൂരിപക്ഷത്തിൽ വിജയിച്ചു. 27,092 ആയിരുന്നു അക്കൊല്ലം ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. ജെയ്കിന് 44,505 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 15993 വോട്ട്.
Read Also: പുതുപ്പള്ളിയില്‍ അടവുകള്‍ പിഴച്ച സിപിഐഎം; വോട്ടുചോര്‍ച്ചയ്ക്ക് ഉത്തരം കണ്ടെത്തുക വെല്ലുവിളി
2021ൽ കളി മാറി. ജെയ്ക് സി തോമസ് എന്ന യുവനേതാവ് കേരള രാഷ്ട്രീയത്തിൽ കൃത്യമായ മേൽവിലാസമുണ്ടാക്കിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഉമ്മൻ ചാണ്ടി തന്നെ അത്തവണ ജയിച്ചെങ്കിലും ഭൂരിപക്ഷം വെറും 9044 ആയിരുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് 63372 വോട്ടും ജെയ്കിന് 54328 വോട്ടും ലഭിച്ചു. ഒപ്പമോടി അവസാന ലാപ്പിൽ വീണുപോയ ജെയ്ക് ഉമ്മൻ ചാണ്ടിയെ കയ്യെത്തിപ്പിടിക്കുമെന്ന തോന്നൽ. അത്തവണ ബിജെപി സ്ഥാനാർത്ഥിയായി എൻ ഹരി മത്സരിച്ചു. ആകെ ലഭിച്ചത് 11694 വോട്ട്. 2016ൽ ലഭിച്ച വോട്ടുകളെക്കാൾ 4299 വോട്ടിൻ്റെ കുറവ്.
ഇത്തവണ ഉമ്മൻ ചാണ്ടി പ്രഭാവവും സർക്കാർ വിരുദ്ധ വികാരവും ഒരുപോലെ അലയടിച്ചപ്പോൾ ചാണ്ടി ഉമ്മന്‍ അപ്പനെക്കാൾ വലിയ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്‍ ആകെ 80144 വോട്ടുകൾ ലഭിച്ചപ്പോൾ ജെയ്കിനു ലഭിച്ചത് 42425 വോട്ട്. ഭൂരിപക്ഷം 37719. ഇത്തവണ ‘മോഡി’ഫൈഡ് പുതുപ്പള്ളിയെന്ന് ബിജെപി വക്താവ് അനിൽ ആൻ്റണി പ്രസംഗിച്ചിട്ടും അത് മണ്ഡലത്തിൽ ഏശിയില്ല. ബിജെപി സ്ഥാനാർത്ഥിയായ ലിജിൻ ലാലിന് ലഭിച്ചത് വെറും 6486 വോട്ട്. 2021ൽ ലഭിച്ച വോട്ടുകളെക്കാൾ 5208 വോട്ട് കുറവ്.
ട്രെൻഡ് കൃത്യമാണ്. ബിജെപിയെ തങ്ങൾക്ക് വേണ്ടെന്നാണ് പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.
Story Highlights: puthuppally election bjp performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here