Advertisement

‘എല്ലാ സഹതാപ തരംഗവും നില നില്‍ക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ പാര്‍ട്ടി സഖാവാണ് ജെയ്ക്, യുഡിഎഫിന് ഭരണം കിട്ടിയ പോലെ ആഘോഷം’; പി എം ആര്‍ഷോ

September 10, 2023
2 minutes Read
p m arsho puthupally byelection

ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കരുതിയിരുന്നത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നായിരുന്നു എന്നാല്‍ ഫലം വന്നതിന് ശേഷം അത് എല്‍ഡിഎഫും മാധ്യമങ്ങളും തമ്മിലുള്ള മത്സരമായിരുന്നുവെന്ന് പി എം ആര്‍ഷോ. പുതുപ്പള്ളി പോലെ കോണ്‍ഗ്രസ് അര നൂറ്റാണ്ടായി കൈവശം വച്ച അവരുടെ ഉറപ്പായ മണ്ഡലത്തില്‍ സഖാവ് ജെയ്ക്ക് സി തോമസ് മത്സരിച്ച് തോറ്റത് യു.ഡി.എഫിന് ഭരണം ലഭിച്ച പോലെയാണ് ആഘോഷിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അർഷോയുടെ വിമർശനം.(PM Arsho about puthuppally byelection)

സഖാവ് ജെയ്ക്ക് സി തോമസ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അതികായനോട് തോല്‍ക്കുമെന്ന് അറിഞ്ഞു കൊണ്ട് നേരിട്ട് രണ്ട് തവണ മത്സരിച്ച്, അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പൂര്‍ണ്ണ വലതുപക്ഷ മണ്ഡലത്തില്‍ എല്ലാ സഹതാപ തരംഗവും നില നില്‍ക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാര്‍ട്ടി സഖാവാണ്.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

അല്ലാതെ മട്ടന്നൂരും, ധര്‍മ്മടവും, പയ്യന്നൂരുമൊക്കെ പോലെ ഇടത് മുന്നണി അര ലക്ഷത്തില്‍ അധികം വോട്ടിനു ജയിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ തപ്പുന്നതും, ഒടുവില്‍ ഘടക കക്ഷികളുടെ തലയിലിട്ട് മുങ്ങുന്ന കോണ്‍ഗ്രസുകാരെ പോലെയല്ല. സ്വന്തം ശക്തി കേന്ദ്രത്തില്‍ സഹതാപ തരംഗത്തിന്റെ കൂടെ നല്ല വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസുകാരുടെ നിലവിട്ടുള്ള സൈക്കോ കളി മനസിലാക്കാം, കഴിഞ്ഞ ലോകസഭാ റിസള്‍ട്ടിന് ശേഷവും അവര്‍ അങ്ങനെ തന്നെയായിരുന്നുവെന്നും ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കരുതിയിരുന്നത് മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് എന്നാണ്. എന്നാല്‍ ഫലം വന്നതിന് ശേഷമാണ് മനസിലായത് പുതുപ്പള്ളി തെരഞ്ഞെടുപ്പ് എല്‍.ഡി.എഫും മാധ്യമങ്ങളും തമ്മിലായിരുന്നു എന്ന്.
പുതുപ്പള്ളി പോലെ കോണ്‍ഗ്രസ് അര നൂറ്റാണ്ടായി കൈവശം വച്ച അവരുടെ ഉറപ്പായ മണ്ഡലത്തില്‍ സഖാവ് ജെയ്ക്ക് സി തോമസ് മത്സരിച്ച് തോറ്റത് യു.ഡി.എഫിന് ഭരണം ലഭിച്ച പോലെയാണ് മാധ്യമങ്ങള്‍ ആഘോഷിച്ചത്. ചില ചാനലുകളില്‍ രാഷ്ട്രീയ മത്സരം മാറി നടന്നത് ചാനലുകളും സൈബര്‍ ലെഫ്റ്റും തമ്മിലുള്ള മത്സരമാണോ എന്ന് തോന്നിപ്പോകും.

എന്താണ് ഈ ചാനലുകള്‍ക്ക് സൈബര്‍ രംഗത്ത് ഇടപെടുന്ന സഖാക്കളോട് ഇത്ര വെറുപ്പ് വരാന്‍ കാരണം? ഇന്ന് അവിചാരിതമായി പഴയ ഒരു മനോരമ കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ടു. സൂര്യനെല്ലി കേസിലെ ഇരയായ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന തരം അധിക്ഷേപിക്കുന്ന ഒരു കാര്‍ട്ടൂണ്‍. കൂട്ട ബലാത്സഗത്തിനിരയായ മൈനറായ ഒരു പെണ്‍ കുഞ്ഞിനെ അശ്ലീലമായ തരത്തില്‍ നാടകം കളിക്കുന്നതായി വരച്ചു വെച്ച് പുറകില്‍ സഖാവ് ഇ.കെ നായനാര്‍ അഭിനയിക്കാന്‍ പഠിപ്പിക്കുന്നതായാണ് കോണ്‍ഗ്രസിന്റെ അനൗദ്യോഗിക മുഖ പത്രം വരച്ച് വച്ച് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. ഇന്നാണെങ്കില്‍ അകത്ത് പോകേണ്ട കേസാണ്. ഇന്ന് മനോരമയുടെ ചാനലില്‍ ഇരുന്ന് ധാര്‍മിക പ്രസംഗം നടത്തുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്നതും ഇതേ മുതലാളി ആണ്. ഇന്നത്തെക്കാലത്ത് ഇതിനൊന്നും പറ്റുന്നില്ല എന്നതാണോ സൈബര്‍ സഖാക്കള്‍ക്കെതിരെ ഈ മാധ്യമങ്ങള്‍ക്ക് ഈ പക തോന്നാന്‍ കാരണം? അതോ ചുവപ്പ് കാവിയാകുന്ന കളര്‍ ബ്ലൈന്റ്‌നെസുള്ള പത്ത് കൊല്ലം പഴക്കമുള്ള ക്യാമറ ചിത്രങ്ങള്‍ പത്ത് കൊല്ലം മുന്നേ ആയിരുന്നെങ്കില്‍ സുഖമായി വിറ്റഴിക്കാമായിരുന്നു, സൈബര്‍ ലെഫ്റ്റ് കാരണം രണ്ട് മണിക്കൂര്‍ കൊണ്ട് മാപ്പ് പറയേണ്ടി വരുന്നു എന്നതാണോ?

സഖാവ് ജെയ്ക്ക് സി തോമസ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അതികായനോട് തോല്‍ക്കുമെന്ന് അറിഞ്ഞു കൊണ്ട് നേരിട്ട് രണ്ട് തവണ മത്സരിച്ച്, അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പൂര്‍ണ്ണ വലതുപക്ഷ മണ്ഡലത്തില്‍ എല്ലാ സഹതാപ തരംഗവും നില നില്‍ക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാര്‍ടി സഖാവാണ്. അല്ലാതെ മട്ടന്നൂരും, ധര്‍മ്മടവും, പയ്യന്നൂരുമൊക്കെ പോലെ ഇടത് മുന്നണി അര ലക്ഷത്തില്‍ അധികം വോട്ടിനു ജയിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ തപ്പുന്നതും, ഒടുവില്‍ ഘടക കക്ഷികളുടെ തലയിലിട്ട് മുങ്ങുന്ന കോണ്‍ഗ്രസുകാരെ പോലെയല്ല. എന്നിട്ട് ആ ജെയ്ക്ക് സി തോമസിനെയാണ് ചാനലുകള്‍ ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണി പിടിച്ചവരെ പോലെ പരിഹസിക്കുന്നത്.

T 21 എന്ന മാധ്യമ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന ഒരു പെണ്‍കുട്ടി പുതുപ്പള്ളി മണ്ഡലത്തില്‍ പോയി ചെയ്ത ഒരു വീഡിയോയുടെ പേരില്‍ സമാനതകളില്ലാതെ അധിക്ഷേപിക്കപെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ്. സൈബര്‍ ഇടി മുറികളെ മോബ് ലിഞ്ചിങ് എന്ന് ചാനല്‍ ഇടി മുറികളില്‍ തൊണ്ട പൊട്ടി അലറിയ സെലക്റ്റീവ് ധാര്‍മിക രോഷക്കാരുടെ ഓണ്‍ലൈന്‍ ഇടത്തിലെങ്കിലും അതിനെ കുറിച്ച് ഒരു വാക്ക് എഴുതുമോ?. പ്രിവിലേജുള്ള മനുഷ്യരുടെ പൈങ്കിളിത്തരങ്ങള്‍ക്ക് പോലും പത്തിഞ്ച് കോളം മാറ്റി വെക്കുന്ന മാധ്യമങ്ങള്‍ ഒരു സാധാരണ പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്റ് ചെലവാക്കുമോ. എന്നിട്ട് പറ മാദ്ധ്യമ ന്യായാധിപന്മാരെ സൈബര്‍ സഖാക്കളുടെ കൊമ്പൊടിയലിനെ കുറിച്ചുള്ള കവല പ്രസംഗം. അല്ലെങ്കില്‍ മുതലാളിമാരുടെ ഫ്രസ്റ്റേഷനും അഭിലാഷവും തീര്‍ക്കാനുള്ള ടൂളുകള്‍ മാത്രമാണ് നിങ്ങളെന്ന് നാട്ടുകാര്‍ പറയും.

സ്വന്തം ശക്തി കേന്ദ്രത്തില്‍ സഹതാപ തരംഗത്തിന്റെ കൂടെ നല്ല വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസുകാരുടെ നിലവിട്ടുള്ള സൈക്കോ കളി മനസിലാക്കാം, കഴിഞ്ഞ ലോകസഭാ റിസള്‍ട്ടിന് ശേഷവും അവര്‍ അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ അതിന് മാധ്യമങ്ങളുടെ ചൂട്ട് കത്തിച്ചോട്ടം കൊള്ളുന്ന അടിയൊക്കെ മര്‍മ്മത്ത് തന്നെയാണെന്നതിനുള്ള തെളിവാണ്. നിങ്ങള്‍ മാധ്യമ ഇടിമുറികള്‍ നിര്‍ത്തലാക്കിയാല്‍ സൈബര്‍ ഇടി മുറികളുമുണ്ടാകില്ല. അതാദ്യം നിര്‍ത്തലാക്കി മുതലാളിമാര്‍ക്ക് നിങ്ങളല്ലെങ്കില്‍ അത് പോലെ വേറൊരാള്‍ മാത്രം ആണെന്ന് മനസിലാക്കി നിങ്ങളും നമ്മളുമൊക്കെ തൊഴിലാളികളാണെന്ന ബോധ്യത്തില്‍ മണ്ണിലിറങ്ങി നേരെ നിന്ന് നിങ്ങളുടെ രാഷ്ട്രീയം പറയ്.

പി എം ആര്‍ഷൊ.

Story Highlights: PM Arsho about puthuppally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top