സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ അവതരിപ്പിച്ചത് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു.
സെപ്തംബർ 7 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ ഫാസ്റ്റ്/മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ കളിക്കാർ ‘നെക് ഗാർഡ്’ നിർബന്ധമായും ധരിക്കണമെന്ന് cricket.com.au റിപ്പോർട്ടിൽ പറയുന്നു.
ഇതിനായി 2023-24 വർഷത്തേക്കുള്ള വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം സ്പിന്നർമാരെ നേരിടുമ്പോൾ, കൂടാതെ വിക്കറ്റ് കീപ്പർമാർക്കും അടുത്ത ഫീൽഡർമാർക്കും ഈ നിയമം ബാധകമല്ല. ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടർന്ന് 2015-ൽ നെക്ക് പ്രൊട്ടക്ടറുകളുടെ ഉപയോഗം സിഎ ശുപാർശ ചെയ്തിരുന്നുവെങ്കിലും പല വെറ്ററൻ താരങ്ങളും ഇതിനോട് വിമുഖത കാണിച്ചിരുന്നു.
സിഎയുടെ ഈ തീരുമാനം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങളെ ബാധിക്കും. ‘നെക്ക് ഗാർഡ്’ ധരിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുമെന്ന് സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. താൻ ധരിക്കില്ല, ധരിക്കുകയുമില്ലെന്നാണ് 2016-ൽ വാർണർ നിലപാട് അറിയിച്ചത്. ഉസ്മാൻ ഖവാജയും നിലവിൽ ബാറ്റ് ചെയ്യുമ്പോൾ പ്രൊട്ടക്ടർ ധരിക്കാറില്ല.
Story Highlights: CA’s Mandatory Neck Guard Rule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here