Advertisement

നിപ: പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പോലീസ് സഹായം തേടും: മന്ത്രി വീണാ ജോര്‍ജ്

September 14, 2023
Google News 3 minutes Read
Nipah Veena George says will seek Police help to find contact list

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് മന്ത്രി നിര്‍ദേശം നല്‍കി. (Nipah Veena George says will seek Police help to find contact list)

മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കേന്ദ്ര സംഘവും സന്ദര്‍ശനം നടത്തി വരുന്നു. കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.

എക്സ്പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Story Highlights: Nipah Veena George says will seek Police help to find contact list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here