നിപ വൈറസ്: കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോടെത്തി, ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും.
ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക. അതേസമയം 18 പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചതില്‍ 11 പേരുടെ ഫലം ഇന്ന് ലഭിച്ചേക്കും. നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ജില്ലയിൽ ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആള്‍ക്കൂട്ട പരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.
Story Highlights: Nipah virus: Central expert team reached Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here