പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; വിശദമായ പരിശോധനയ്ക്ക് ബിജെപി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഏകോപനവും ഫണ്ട് കണ്ടെത്തലുമുൾപ്പടെ പാളിയെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസവും നിഴലിച്ചതായാണ് വിലയിരുത്തൽ.
യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും ലിജിൻ പറഞ്ഞിരുന്നു.
കോട്ടയം ജില്ലാ പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കി വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടത്. എന്നാല്‍, ഈ നീക്കം അമ്പേ പാളി. ഒരു റൗണ്ടില്‍ പോലും ആയിരം വോട്ട് തികയ്ക്കാൻ ലിജിൻ ലാലിന് സാധിച്ചില്ല. നാലാം റൗണ്ടില്‍ 750 വോട്ട് നേടിയതയാണ് ലിജിന്‍റെ മികച്ച പ്രകടനം. 11694 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എൻ ഹരി നേടിയിരുന്നത്. ഈ വോട്ടുകള്‍ പോലും പേരിലാക്കാൻ ലിജിന് സാധിച്ചില്ല. ഇത്തവണ 6486 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പെട്ടിയിൽ വീണത്.
Story Highlights: BJP detailed inspection in Puthuppally by election defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here