അലൻസിയറിന്റെ പരാമർശം അപലപനീയം, പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തണം; മന്ത്രി ജെ. ചിഞ്ചു റാണി

സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി നടൻ അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
മനസിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്തു നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്നും മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്.
Story Highlights: J Chinchu Rani reacts actor Alencier remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here