‘കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം, ഒരുമിച്ച് നിന്നാൽ ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാം’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരുമിച്ച് നിന്നാൽ ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണെന്നും അത് തല്ലി ക്കെടുത്താതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്, പാർലമെന്റിൽ വലിയ വിജയം നൽകിയ ജനതയാണ് കോട്ടയത്തേത്. സിപിഐഎം ദേശീയതലത്തിൽ ആരുടെ കൂടെ നിൽക്കുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി ബിജെപി കെണിയില്‍ ചാടരുതെന്ന് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തില്‍ നേതാക്കള്‍ കുടുങ്ങരുതെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
ലോക്‌സഭ – നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള തന്ത്രങ്ങളാണ് ഹൈദരാബാദില്‍ ചേര്‍ന്ന രണ്ടുദിവസത്തെ പ്രവര്‍ത്ത സമിതി യോഗം ആവിഷ്‌കരിച്ചത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. വ്യക്തി താല്‍പര്യം മാറ്റിനിര്‍ത്തി വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.
മണ്ഡലങ്ങളില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും 2024 ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആഹ്വാനം നല്‍കി. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വ്യക്തത ഉണ്ടാകണമെന്നാണ് ആസന്നമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. കര്‍ണാടക വിജയം നല്‍കിയ ഊര്‍ജ്ജം നേതാക്കളില്‍ പ്രകടമാണ്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്,മിസോറാം തുടങ്ങി ഈവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍ .
Story Highlights: ‘Kerala politics is in favor of UDF, Thiruvanchoor Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here