Advertisement

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, അഞ്ചുദിവസം മഴയ്ക്ക് സാധ്യത: ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനം പാടില്ല

September 20, 2023
Google News 2 minutes Read
Low pressure in Bay of Bengal, rain likely for five days_

കേരളത്തില്‍ അടുത്ത അഞ്ചുദിവസംം മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍ 20) നാളെയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ നീങ്ങാന്‍ സാധ്യത. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും എന്നാല്‍ കേരള-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്നും (സെപ്റ്റംബര്‍ 20) നാളെയും വടക്കന്‍ ആന്ധ്രപ്രദേശ് തീരം അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ തിയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം:
തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് (സെപ്റ്റംബര്‍ 20) രാത്രി 11.30 വരെ 1.8 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Story Highlights: Low pressure in Bay of Bengal, rain likely for five days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here