വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 17 മുതല്‍ 26 വരെ; വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന തിരുന്നാള്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക.
വെട്ടുകാട് പള്ളിയോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ തിരുന്നാളിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെ സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ചു. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. പള്ളിയും പരിസരവും പൂര്‍ണമായും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും കോസ്റ്റല്‍ പോലീസിന്റെ പട്രോളിംഗും ഏര്‍പ്പെടുത്തും.
തിരുന്നാള്‍ ദിവസങ്ങളില്‍ മദ്യം,മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട,തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂര്‍ത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തും.
Story Highlights: Vettukad Palli Thirunnal from November 17 to 26; Extensive preparations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here