Advertisement

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം; ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ അനായാസ ജയം

September 22, 2023
1 minute Read
1st ODI against Australia; Easy win for India by five wickets

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. ആദ്യ ബാറ്റിം​ഗിനിറങ്ങിയ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി എറിഞ്ഞിടുകയായിരുന്നു. നിശ്ചിത ഓറവില്‍ 276ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അനായാസ ജയമാണ് സ്വന്തമാക്കിയത്. 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തി. ഒന്നാം വിക്കറ്റില്‍ ഗെയ്കവാദ് – ഗില്‍ സഖ്യം 142 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. പിന്നെ ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ശുഭ്മാന്‍ ഗില്‍ (74), റുതുരാജ് ഗെയ്കവാദ് (71), കെ.എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

22-ാം ഓവറിലാണ് ഗെയ്ക്‌വാദിനെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 77 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെയാണ് ഗെയ്ക്‌വാദ് 71 റൺസ് നേടിയത്. തുടർന്ന് വന്ന ശ്രേയസ് അയ്യർ 3 റൺസും ഇഷാന്‍ കിഷൻ 18 റൺസുമെടുത്ത് കൂടാരം കയറി. ഇതിനിടെ ഗില്ലും മടങ്ങി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. കമ്മിന്‍സിന്റെ പന്തില്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കി കിഷനും മടങ്ങി. എന്നാല്‍ രാഹുല്‍ – സൂര്യ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. രവീന്ദ്ര ജഡേജ (3) രാഹുലിനൊപ്പം പുറത്താവതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 276 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. 52 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷിനെ (4) ആദ്യ ഓവറിൽ തന്നെ ഷമി മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ആദ്യ പന്തുകളിൽ ടൈമിങ് കിട്ടാതെ വിഷമിച്ച വാർണർ പിന്നീട് ഫോമിലേക്കുയരുകയും ഫിഫ്റ്റി നേടുകയും ചെയ്തു. ഫിഫ്റ്റിക്ക് പിന്നാലെ ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.

സ്മിത്തുമൊത്ത് 94 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് വാർണർ പുറത്തായത്. ഏറെ വൈകാതെ സ്റ്റീവ് സ്മിത്തും (41) പവലിയനിൽ തിരിച്ചെത്തി. സ്മിത്തിനെയും ഷമിയാണ് വീഴ്ത്തിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. പല ബാറ്റർമാർക്കും തുടക്കം ലഭിച്ചെങ്കിലും വൻ സ്കോർ നേടാൻ സാധിച്ചില്ല. മാർനസ് ലബുഷെയ്നെ (39) അശ്വിൻ മടക്കി അയച്ചപ്പോൾ കാമറൂൺ ഗ്രീൻ (31) റണ്ണൗട്ടായി. മാർക്കസ് സ്റ്റോയിനിസ് (29), മാത്യു ഷോർട്ട് (2) ഷോൺ ആബട്ട് (2) എന്നിവരെക്കൂടി വീഴ്ത്തിയ ഷമി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ജോഷ് ഇംഗ്ലിസിനെ (45) ബുംറ മടക്കിയപ്പോൾ അവസാന പന്തിൽ ആദം സാമ്പ (2) റണ്ണൗട്ടായി. പാറ്റ് കമ്മിൻസ് (21) നോട്ടൗട്ടായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top