ഏഷ്യൻ ഗെയിംസ് വോളിയിൽ ചൈനീസ് തായ്പേയിയെ അട്ടിമറിച്ച ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കങ്ങൾ
ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നതിനൊപ്പം തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചപ്പോൾ ചോദ്യം ഉയരുന്നു.നാലാമതൊരിക്കൽ കൂടി ഇന്ത്യ മെഡൽ നേടുമോ? നേടിയാൽ ആദ്യ മൂന്നു തവണത്തെപ്പോലെ ഇത്തവണയും അതിൽ മലയാളി പ്രാതിനിധ്യം ഉറപ്പാണ്.
മുൻ ഇന്ത്യൻ നായകൻ ടോം ജോസഫ് അസിസ്റ്റൻ്റ് കോച്ചായ ടീമിൽ കേരളത്തിൽ നിന്ന് എറിൻ വർഗീസും എ.ഷമീമുദീനുമുണ്ട്. കേരള പൊലീസിലുള്ള എറിൻ അങ്കമാലി സ്വദേശിയാണ്. ഷമീമുദീൻ പരപ്പനങ്ങാട് സ്വദേശിയും. ഷമീമുദീൻ എയർ ഫോഴ്സിലാണ്.ഇരുവർക്കുമിത് ആദ്യ ഏഷ്യൻ ഗെയിംസ് മാത്രമല്ല ഇന്ത്യൻ ടീമിലെ അരങ്ങേറ്റവുമായിരുന്നു.
എറിൻ കേരള പൊലീസിൻ്റെ തിളക്കമാർന്ന വോളിബോൾ പാരമ്പര്യത്തിലെ ഏറ്റവും പുതിയ കണ്ണിയാണ്.എസ്.ഗോപിനാഥിനും ജോസ് ജോർജിനും സിറിൽ സി. വള്ളൂരിനും അബ്ദുൽ റസാക്കിനും ഉദയകുമാറിനുമൊക്കെ പിൻഗാമി.
ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയുടെ മെഡൽ നേട്ടം 1962 ൽ ലഭിച്ച വെള്ളിയും 58 ലും 86 ലും നേടിയ വെങ്കലവും മാത്രമാണ്.58ൽ പി.ഭരതൻ നായരും ടി.പി.പി.നായരും വടകര അബ്ദുൽ റഹ്മാനും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. 1962 ൽ ടി.പി.പി.നായരായിരുന്നു നായകൻ. ഇതിഹാസ താരം ടി.ഡി.ജോസഫ് എന്ന പപ്പനും കളിച്ചു. ഏറ്റവും ഒടുവിൽ 1986 ൽ സോളിൽ വെങ്കലം നേടിയ ടീമിനെ നയിച്ചത് സിറിൽ സി. വള്ളൂരാണ്. സിറിലിനൊപ്പം സൂപ്പർ താരം ജിമ്മി ജോർജും ഉദയകുമാറും ഇന്ത്യൻ നിരയിൽ തിളങ്ങി.
ഏഷ്യൻ ഗെയിംസ് വോളിബോളിൽ രണ്ടു മെഡൽ നേടിയ ഏക ഇന്ത്യക്കാരനാണ് ടി.പി.പി. നായർ. അതുപോലെ ഏഷ്യൻ ഗെയിംസും ലോക ചാംപ്യൻഷിപ്പും കളിച്ച ചരിത്രമാണ് ഭരതൻ നായരുടേത്.56 ൽ ആണ് അദ്ദേഹം ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.
ഹാങ്ചോവിൽ ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികളെങ്കിൽ മത്സരം കടുക്കും. പക്ഷേ, രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുത്തിയത് കരുത്തരായ ദക്ഷിണ കൊറിയയെയാണ്. അതിലുപരി ഇന്ത്യൻ ടീമിലെ സീനിയർ താരമായ ഉക്രപാണ്ഡ്യൻ്റെ വാക്കുകളാണ് എറിനെയും ഷമീമുദീനെയും പോലെയുള്ള യുവതാരങ്ങൾക്ക് പ്രചോദനമാക്കേണ്ടത്.
ഉക്രപാണ്ഡ്യന് ഇത് തുടർച്ചയായ നാലാം ഏഷ്യൻ ഗെയിംസ് ആണ്. കഴിഞ്ഞ മൂന്നു തവണയും താൻ ഉൾപ്പെട്ട ടീമിനു സാധിക്കാതെ പോയത് ഇത്തവണ സാധ്യമാക്കണം.തൻ്റെ ജീവിത ലക്ഷ്യമായി പാണ്ഡ്യൻ അതു പറയുമ്പോൾ യുവനിര ഒപ്പം നിൽക്കണം. ഏഷ്യയിൽ മൂന്നാം റാങ്കുകാരായ കൊറിയയെ തോൽപ്പിച്ചത് പത്തൊൻപതാം സ്ഥാനത്തുള്ള ഇന്ത്യയാണ്. അതിനാൽ എതിരാളിയുടെ റാങ്ക് മറക്കുക .ഒരു അട്ടിമറി കൂടി ഇന്ത്യൻ ടീമിനു സാധ്യമാകട്ടെ.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here