Advertisement

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്

September 22, 2023
Google News 1 minute Read
SP Vinod Kumar in charge of vigilance investigation against Mathew Kuzhalnadan

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല വിജിലൻസ് കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുക. ഈ മാസം 20-നാണ് അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് പ്രകാരം മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനാണ് മാത്യുവിനെതിരെ ആരോപണം ഉന്നയിച്ചത്.

ബിനാമി ഇടപാട് വഴി ആറ് കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും റിസോർട്ടും സ്വന്തമാക്കിയെന്നതാണ് അദ്ദേഹത്തിന് എതിരായ കേസ്. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണ അനുമതി നൽകിയത്. ചിന്നക്കനാലിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി വന്നിരുന്നു.

മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്തത്. സ്ഥലപരിശോധന നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസുമായി വൻതുക തട്ടിച്ചുവെന്നാണ് ആക്ഷേപം ഉയർന്നത്.

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെയും തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും പൊലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താൻ നോക്കേണ്ട. അധികാരത്തിൻ്റെ അഹങ്കാരത്തിൽ ചെയ്യുന്നതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കളും സർക്കാരിന് വേണ്ടപ്പെട്ടവരും എന്ത് ചെയ്താലും സംരക്ഷണം നൽകുകയും ഭരണ നേതൃത്വത്തെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് പിണറായി വിജയന് കീഴിലുള്ള പൊലീസ് നടപ്പാക്കുന്നത്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ മാത്യു കുഴൽനാടനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം യു.ഡി.എഫും കോൺഗ്രസും രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : List of portfolios allocated to BJP’s NDA allies in Modi 3.0 govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here