ഏഷ്യൻ ഗെയിംസ് വനിതാ ഫുട്ബോൾ: ഇന്ത്യ പുറത്ത്, തായ്‌ലൻഡിനോട് 1-0ന് തോറ്റു
ഏഷ്യൻ ഗെയിംസ് വനിതാ ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി. ചൈനയിലെ വെൻഷോ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ തായ്‌ലൻഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഇതോടെ തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.
കടുത്ത മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ആവേശകരമായ മത്സരത്തിൽ 1-0 നായിരുന്നു ഇന്ത്യയുടെ തോൽവി. തായ്‌ലൻഡിനായി 52 ആം മിനിറ്റിൽ പരിചത് തോങ്‌റോംഗയാണ് ഗോൾ നേടിയത്. ലഭിച്ച അവസരങ്ങൾ പാഴാക്കിയത് ഇന്ത്യൻ വനിതകൾക്ക് തിരിച്ചടിയായി. തോൽവിയോടെ ഫിഫ റാങ്കിങ്ങിൽ 61-ാം സ്ഥാനത്തുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഉദ്ഘാടന മത്സരത്തിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരെ 2-1 ന് തോറ്റ ഇന്ത്യൻ ടീമിന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ തായ്‌ലൻഡിനെതിരെ ജയം അനിവാര്യമായിരുന്നു. ഈ മത്സരവും തോറ്റതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Story Highlights: Asian Games 2023: India loses to Thailand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here