Advertisement

‘സ്ത്രീ കഥാപാത്രങ്ങളെ ശക്തമാക്കാന്‍ അവരെ മസ്‌കുലിനാക്കി ഏച്ചുകെട്ടേണ്ട ആവശ്യം കെ ജി ജോര്‍ജിനില്ലായിരുന്നു…’; കുറിപ്പ്

September 24, 2023
4 minutes Read
Gayathri Babu Facebook post on K G George

സ്ത്രീവിരുദ്ധയെക്കുറിച്ചും പൊളിറ്റിക്കല്‍ കളക്ട്‌നസിനെക്കുറിച്ചും മലയാളി സിനിമ സൂക്ഷ്മത സൂക്ഷിക്കുന്ന തലമുറയ്ക്ക് മുന്‍പ് തന്നെ കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും സ്ത്രീ പുരുഷ ബന്ധങ്ങളുടെ സമസ്ത തലങ്ങളേയും ക്രാഫ്‌റ്റോടെ ആവിഷ്‌കരിക്കുകയും ചെയ്തിരുന്ന ചലച്ചിത്രകാരനാണ് കെ ജി ജോര്‍ജ്. കെ ജി ജോര്‍ജിന്റെ സ്ത്രീ കഥാപാത്ര സൃഷ്ടി എക്കാലവും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. കാലമിത്ര കഴിഞ്ഞിട്ടും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാനെന്ന പേരില്‍ സ്ത്രീകളെ മസ്‌കുലിനാക്കി അവതരിപ്പിക്കുന്ന ചില സംവിധായകര്‍ ഇപ്പോഴുണ്ട്. ഇത്തരം ഏച്ചുകെട്ടലൊന്നുമില്ലാതെ ശക്തരായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെ ജി ജോര്‍ജിന് കഴിഞ്ഞിരുന്നു. ആദമിന്റെ വാരിയെല്ലെന്ന ചിത്രത്തിലെ ശ്രീവിദ്യ അവതരിപ്പിച്ച ആലീസ് എന്ന കഥാപാത്രത്തെ ഉദാഹരണമായെടുത്ത് കെ ജി ജോര്‍ജിനെക്കുറിച്ച് ഗായത്രി ബാബു ഫേസ്ബുക്കിലെഴുതിയ ശ്രദ്ധേയമായ കുറിപ്പ് വായിക്കാം… (Gayathri Babu Facebook post on K G George)

‘കൂടുതലാകുന്നുണ്ട്.. നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങി… എനിക്ക് വെളിയില്‍ ഇറങ്ങി നടക്കണം.’
ഭാര്യയുടെ രാത്രി കറക്കത്തെ പറ്റി, ഭരത്‌ഗോപി അവരോട് പറയുകയാണ്..
കണ്ണാടിയില്‍ നോക്കി, കെട്ടിയ മുടി അഴിച്ചിടുന്ന ശ്രീവിദ്യ, ഭരത് ഗോപിയെ തിരിഞ്ഞു നോക്കി പറഞ്ഞു..
‘ഓഹോ മാമച്ചന്‍ മുതലാളി ഇപ്പോള്‍ വലിയ മാന്യനാണല്ലോ??’.
എന്താണ് പറയാന്‍ പോകുന്നത് ഭരത് ഗോപിക്ക് മനസിലായിട്ടുണ്ടാകണം.
അയാള്‍ ശബ്ദം കുറച്ചു താഴ്ത്തി,
‘ആലീസേ, കുട്ടികളൊക്കെ പ്രായമായി വരികയാണ്, നീ അതെങ്കിലും ഓര്‍ത്താല്‍ മതി..’
ഒരു ദീര്‍ഘനിശ്വാസത്തിന്റെ ഇടവേള എടുത്ത്, കണ്ണാടിയെയും , ഭര്‍ത്താവിനെയും കാണാന്‍ കഴിയാത്ത വിധം ഇരുന്ന് ആലീസ് പറഞ്ഞു.
‘കുട്ടികള്‍…’
കസേരയില്‍ നിന്നെഴുന്നേറ്റു, കുറച്ചു നടന്ന ശേഷം, അവര്‍ ഭര്‍ത്താവിലേക്ക് തിരിഞ്ഞു..
‘കുട്ടികളൊക്കെ നിങ്ങളുടെ തന്നെയാണെന്ന് ഉറപ്പുണ്ടോ ‘?
‘സൂക്ഷിച്ചു സംസാരിക്കണം’..
‘കൊണ്ട്രാക്റ്റ് കിട്ടാനും, ബില്‍ പാസാക്കാനും, മലമ്പുഴയിലും, പീച്ചിയിലും, കോവളത്തും, എന്നെയും കൊണ്ട് നടന്നില്ലേ..? രാമകൃഷ്ണന്‍, വി കെ നായര്‍, കൊച്ചു വര്‍ക്കി, താണുപ്പിള്ള, വൈര മൂര്‍ത്തി…’ ഇത്രയും നേരം ലാഘവത്തില്‍ പറഞ്ഞു കൊണ്ടിരുന്ന അവരുടെ തൊണ്ട ഇടറി,.. ശബ്ദം പതറി..
‘ഇവരുടെ ആരുടെയെങ്കിലുമാകും..കുട്ടികള്‍’
അത്രയും നേരം, കരയാതെ പിടിച്ചു നിന്ന അവര്‍ വിതുമ്പി.. കരഞ്ഞു..
അവര്‍ സങ്കടത്തിലും, അമര്‍ഷത്തിലും, അറപ്പിലും കലര്‍ത്തി.. അയാളുടെ മുഖത്തേക്ക് നോക്കി, ചൂണ്ടുവിരലുയര്‍ത്തി..
‘മിണ്ടരുത്…
മിണ്ടരുത്..
പോടാ..’
തുടക്കം മുതല്‍ ഈ സീന്‍ വരെ, ഇവരെന്തൊരു സ്ത്രീയാണ് എന്ന് വിചാരിച്ചിരുന്നവരുടെ മുഖത്തോട്ടാണ് അവര് കാര്‍ക്കിച്ചു തുപ്പുന്നത്.. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ അവരെ വളരെ മസ്‌കുലിന്‍ ആക്കുന്നതാണ് നമ്മുടെ സിനിമകളുടെ രീതി. കെ ജി ജോര്‍ജ്ജിന് ഈ ഏച്ചുകെട്ടലുകള്‍ ആവശ്യമായിരുന്നേയില്ല.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ച ആളാണ് കെ.ജി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ വിയോഗം, മലയാള സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്..
ജനിച്ചതിനും,ജീവിച്ചതിനും, പകര്‍ത്തിയതിനും നന്ദി..

Story Highlights: Gayathri Babu Facebook post on K G George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top