സെഞ്ചുറിയിൽ തുടക്കമിട്ട് ഗില്ലും അയ്യരും; ഫിനിഷിംഗിൽ അടിച്ചുപൊളിച്ച് രാഹുലും സൂര്യയും: ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ശ്രേയാസ് അയ്യർ (105), ശുഭ്മൻ ഗിൽ (104) എന്നിവർ സെഞ്ചുറി നേടിയപ്പോൾ കെഎൽ രാഹുലും (52) സൂര്യകുമാർ യാദവും (37 പന്തിൽ 72 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ഓസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ 2 വിക്കറ്റ് വീഴ്ത്തി. (india huge score australia)
സ്കോർബോർഡിൽ വെറും 16 റൺസ് ആയപ്പോൾ ഋതുരാജ് ഗെയ്ക്‌വാദിനെ (8) ജോഷ് ഹേസൽവുഡ് മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ്മൻ ഗില്ലും ശ്രേയാസ് അയ്യരും ചേർന്ന് തുടരാക്രമണങ്ങളുമായി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ചെറിയ ബൗണ്ടറിയുടെ ആനുകൂല്യം മുതലെടുത്ത ഇരുവരും ടി-20 മോഡിലാണ് ബാറ്റ് വീശിയത്. 37 പന്തിൽ ഗിലും 41 പന്തിൽ അയ്യരും ഫിഫ്റ്റി തികച്ചു. സെഞ്ചുറിയോടടുക്കെ ഇരുവരുടെയും സ്കോറിംഗ് റേറ്റ് കുറഞ്ഞു. 86 പന്തിൽ അയ്യർ സെഞ്ചുറി തികച്ചപ്പോൾ 92 പന്തിൽ ഗിൽ ശതകത്തിലെത്തി. സെഞ്ചുറിക്ക് പിന്നാലെ തന്നെ ഇരുവരും മടങ്ങി. രണ്ടാം വിക്കറ്റിൽ 200 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
Read Also: അയ്യർക്കും ഗില്ലിനും സെഞ്ച്വറി; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യ
നാലാം നമ്പരിലെത്തിയ ക്യാപ്റ്റൻ കെഎൽ രാഹുലും പിന്നാലെ എത്തിയ ഇഷാൻ കിഷനും ആക്രമണം തുടർന്നു. 59 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം കിഷൻ മടങ്ങി. വെറും 18 പന്തുകൾ നേരിട്ട കിഷൻ 31 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. കഴിഞ്ഞ ഇന്നിംഗ്സിലെ ആത്മവിശ്വാസത്തിലെത്തിയ സൂര്യകുമാർ യാദവും സമയം പാഴാക്കിയില്ല. കാമറൂൺ ഗ്രീനിൻ്റെ ഒരു ഓവറിൽ തുടരെ നാല് സിക്സർ നേടിയ സൂര്യ തൻ്റെ നയം വ്യക്തമാക്കി. ഇതിനിടെ 35 പന്തിൽ രാഹുൽ ഫിഫ്റ്റി തികച്ചു. 38 പന്തിൽ 52 റൺസ് നേടി പുറത്തായെങ്കിലും സൂര്യയുമൊത്ത് അഞ്ചാം വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്.
അനായാസം ഓസീസിനെ നേരിട്ട സൂര്യകുമാർ 24 പന്തിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും തകർത്തടിച്ച താരം ഇന്ത്യയെ 400നരികെ എത്തിച്ചു. അവസാന രണ്ട് ഓവറുകളിലെ മികച്ച ബൗളിംഗാണ് ഇന്ത്യയെ 400 കടത്താതിരുന്നത്. സൂര്യക്കൊപ്പം 9 പന്തിൽ 13 റൺസ് നേടിയ ജഡേജയും നോട്ടൗട്ടാണ്.
Story Highlights: india huge score australia 2nd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here