Advertisement

ജീവിതരതിയുടെ കലാപക്കാരന്‍: മലയാളി തുറന്നു പറയാന്‍ മടിച്ച ലൈംഗികതയും ജീവിത രഹസ്യങ്ങളും പ്രമേയമാക്കിയ കെ ജി ജോര്‍ജ്

September 24, 2023
Google News 4 minutes Read
K G George movies and portrait of life and relationships

അഭിനയ കലയുടെ പിതാവ് ഭരതമുനിയാണെങ്കില്‍ അതേ ഔന്ന്യത്ത്യത്തില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തെ നിര്‍ണയിച്ചയാള്‍ ആരാണ്?. അതിന് കെജി ജോര്‍ജെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. പല തരത്തില്‍, പല പ്രമേയത്തില്‍, പല രീതികളില്‍ പടങ്ങളെടുക്കുന്ന നിരവധി പേര്‍ രംഗപ്രവേശം ചെയ്തിട്ടും, കെജി ജോര്‍ജെന്ന ഭരതമുനി വരച്ച കളങ്ങള്‍ക്കപ്പുറത്തേക്ക് മലയാള ചലച്ചിത്ര ശാഖ ഇന്നുവരെയും വളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെയാവണം ലിജോ ജോസ് പല്ലിശേരി ഇപ്രകാരം പറഞ്ഞത്. തന്റെ ഏറ്റവും ഫേവറേറ്റ് ഫിലിം മേക്കര്‍ കെജി ജോര്‍ജല്ലാതെ മറ്റാരുമല്ല, ലോകത്തിലെ ഏറ്റവു മികച്ച 5 സംവിധായകരില്‍ ഒരാളാണ് അദ്ദേഹം എന്ന്. (K G George movies and portrait of life and relationships)

ഏറ്റവും കിടിലം ചലച്ചിത്രകാരനെന്ന് പുതുതലമുറ, പ്രത്യേകിച്ച് 2കെ കിഡ്‌സ് വിശേഷിപ്പിക്കുന്ന പല്ലിശേരി ഒരു ഡിറക്ടര്‍ ആയത് കെജി ജോര്‍ജിന്റെ പടങ്ങള്‍ കണ്ടിട്ടാണ്. താന്‍ ഏറ്റവും ഇന്‍സ്പയേര്‍ഡ് ആയത് പുറത്തുനിന്നുള്ള സിനിമകള്‍ കണ്ടിട്ടല്ല, കെജി ജോര്‍ജ് മൂലമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പൊതുബോധത്തെ ചോദ്യം ചെയ്യുന്ന സ്ത്രീ കഥാപാത്ര നിര്‍മ്മിതികളാണ് കെ.ജി ജോര്‍ജ്ജെടുത്ത ഭൂരിഭാഗം പടങ്ങളുടെയും നട്ടെല്ല്.

സഹനത്തിന്റെയും ക്ഷമയുടേയും ആള്‍രൂപങ്ങളായി സ്ത്രീകളെ കാണുന്ന പൊതുബോധത്തെ അറഞ്ചം പുറഞ്ചം തച്ചുടയ്ക്കുകയായിരുന്നു കെ.ജി ജോര്‍ജിന്റെ സ്ത്രീകഥാപാത്രങ്ങള്‍. അതുവരെ കണ്ട് പരിചിതമല്ലാത്ത തെറിച്ച സ്ത്രീ കഥാപാത്രങ്ങളെ കണ്ട് യാഥാസ്ഥിതിക പ്രേക്ഷകര്‍ നെറ്റി ചുളിച്ചു. അയ്യേ… അയ്യയ്യേ… ഇങ്ങനെയുമുണ്ടോ അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണുങ്ങള്‍ എന്ന് പലരും പറഞ്ഞു.

അദ്ദേഹം ചെയ്തിട്ടുള്ളത് പോലുള്ള സ്ത്രീപക്ഷ ചലച്ചിത്രങ്ങള്‍ ഇവിടെ മറ്റാരും ചെയ്തിട്ടില്ല. നൂറ്റാണ്ടുകളുടെ വിധേയത്വത്തിനും പുരുഷാധിപത്യത്തിനുമെതിരെയുള്ള സ്ത്രീയുടെ പ്രതിഷേധത്തിന്റെ കലാപക്കൊടിയാണ് ജോര്‍ജിന്റെ സ്ത്രീ കഥാപാത്രങ്ങള്‍. ‘ആദാമിന്റെ വാരിയെല്ല്’ അവസാനിക്കുന്നതാകട്ടെ, സ്വാതന്ത്ര്യത്തോടൊപ്പം അസ്തിത്വവും സ്വത്വബോധവും ഉയര്‍ത്തിക്കാട്ടി, തെരുവിലേക്ക് ഓടിയിറങ്ങുന്ന പെണ്ണുങ്ങളിലൂടെയാണ്.

സ്ത്രീകഥാപാത്രങ്ങളുടെ ക്ഷമയും സഹനവും മാത്രം അടയാളപ്പെടുത്തിയ കാലഘട്ടത്തിലാണ് കരുത്തുറ്റ ഒരുപിടി സ്ത്രീകഥാപാത്രങ്ങളെ കെ.ജി ജോര്‍ജ്ജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എടുത്തെറിയുന്നത്. അക്കാലത്തെയെന്നല്ല, എക്കാലത്തെയും നവതരംഗ സിനിമയുടെ കാതലായി, കെ.ജി ജോര്‍ജിന്റെ സ്ത്രീകഥാപാത്രങ്ങള്‍ മാറി. ആണധികാരത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ യവനികയിലെ അമ്മുവിനെ പോലെയുള്ള ശക്തരായ കഥാപാത്രങ്ങള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു.

Read Also:കെ ജി ജോര്‍ജ്; കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകന്‍

ഒരു ശരാശരി മലയാളി പറയാന്‍ മടിച്ച, തുറന്നു ചര്‍ച്ച ചെയ്യാന്‍ വിമുഖത കാണിച്ച ലൈംഗികതയും, അവിഹിതവും, രതിയും, പുരുഷാധിപത്യവും ഉള്‍പ്പടെ പല വിഷയങ്ങളും ജോര്‍ജിന്റെ ചിത്രങ്ങളുടെ കരുത്തുറ്റ പ്രമേയങ്ങളായി. ആദാമിന്റെ വാരിയെല്ലിലൂടെ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള മൂന്ന് പെണ്ണുങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ അതിജീവനത്തിന്റെ വഴികളും ഹൃദയസ്പര്‍ശിയായി പറഞ്ഞു തന്നു ജോര്‍ജ്. കെട്ടുപാടുകള്‍ക്കിടയില്‍ കുടുങ്ങിയപ്പോയ മനുഷ്യരുടെ ഒറ്റപ്പെടല്‍, നിസ്സഹായത, വേദന, ലൈംഗിതക, ഭ്രാന്തന്‍ ചിന്തകള്‍…. ഇതെല്ലാം മുന്‍വിധികളില്ലാതെ വരച്ചുകാട്ടി അദ്ദേഹം.

എന്നെങ്കിലും കുറ്റാന്വേഷണ ചലച്ചിത്രം ചെയ്യണമെന്നും, നാടകം പശ്ചാത്തലമാക്കിയ പടം എടുക്കണമെന്നും അദ്ദേഹം വളരെയധികം ആഗ്രഹിച്ചിരുന്നു. ഇത് രണ്ടും കൂടി ചേര്‍ന്ന പടമാണ് 1982ല്‍ പുറത്തിറങ്ങിയ ‘യവനിക’. ഇത് കുറ്റാന്വേഷണ ചലച്ചിത്രത്തിന്റെ തലത്തിനപ്പുറത്തേക്ക് വളര്‍ന്ന്, സിനിമാ വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി മാറി.

അദ്ദേഹം നല്ലൊരു കലാകാരണാണ്, പക്ഷേ കുടുംബനാഥനല്ല എന്നാണ് കെജി ജോര്‍ജിന്റെ ഭാര്യയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാക്കുകള്‍. ഭാര്യയോടോ മക്കളോടോ സ്വന്തം അപ്പനോടോ അമ്മയോടോ പോലും അദ്ദേഹത്തിന് യാതൊരു സെന്റിമെന്‍സുമില്ല. അതേ സമയം കൂട്ടുകാര്‍ വന്നാല്‍ അദ്ദേഹത്തിന് വലിയ കാര്യമാണ്. അത് ബന്ധുക്കളോടില്ല.

എന്റെ അനുഭവം വെച്ച് ഞാനൊരു കലാകരനെ കല്യാണം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല, എന്നാല്‍ കല അസ്വദിക്കുന്നയാളെ ഇഷ്ടമായിരുന്നു. ജോര്‍ജിന്റെ ഭാര്യയായാല്‍ അദ്ദേഹത്തിന്റെ പടത്തിലെങ്കിലും പാടാമെന്ന ഉദേശത്തിലാണ് ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിച്ചത് എന്നിങ്ങനെയുള്ള അപ്രിയ സത്യങ്ങള്‍ ജോര്‍ജിനെ ഒപ്പമിരുത്തി തന്നെ അവര്‍ തുറന്നടിച്ചിട്ടുണ്ട്.

കെജി ജോര്‍ജ് ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതുമായ നടന്‍ ഭരത് ഗോപിയാണ്. യവനിക, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി കെജി ജോര്‍ജ് ചിത്രങ്ങളില്‍ ഭരത് ഗോപി ആടിത്തിമിര്‍ത്തു. മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ആദ്യ ശ്രദ്ധേയ കഥാപാത്രം നല്‍കിയത് കെജി ജോര്‍ജ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രമായ ഇളവംകോട് ദേശത്തിലെ നായകനും മമ്മൂട്ടി തന്നെയായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. എന്തുതന്നെയായാലും മമ്മൂട്ടിക്കുള്ളിലെ നടനെ ഫ്രയിം ചെയ്‌തെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സംവിധായകനായിരുന്നു കെജി ജോര്‍ജ്. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണത്തോട് മമ്മൂട്ടി പ്രതികരിച്ചത്.

തിലകന്‍, അശോകന്‍, ഗണേഷ് കുമാര്‍, ശ്രീവിദ്യ, വേണു നാഗവള്ളി, നെടുമുടി വേണു, ജഗതി, ശ്രീനിവാസന്‍, മുരളി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനങ്ങളെ സ്‌ക്രീനിലെത്തിക്കാന്‍ കെജി ജോര്‍ജിന് കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ദിലീഷ് പോത്തന്റെ ജോജി എന്ന ചിത്രം ജോര്‍ജിന്റെ ഇരകളുടെ കോപ്പി മാത്രമാണെന്ന് വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മൂന്നര ദശാബ്ദം മുമ്പ് വന്ന ‘ഇരകളുടെ’ വളരെ മോശമായ അനുകരണശ്രമമാണ് ജോജി എന്നായിരുന്നു എംജി രാധാകൃഷ്ണന്റെ വിമര്‍ശനം. ഗണേഷ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ സൈക്കോ ത്രില്ലര്‍ എക്കാലത്ത് കണ്ടാലും നമ്മള്‍ അതിശയപ്പെടും.

സിനിമയിലെ സാമ്പ്രദായികമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതിയ കെജി ജോര്‍ജ് അഞ്ച് പതിറ്റാണ്ടോളം മലയാളചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്നു. പഞ്ചവടിപ്പാലം എന്ന ചിത്രം ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ പ്രസക്തമാണ്. പുതുതലമുറ ഏറെ ചര്‍ച്ച ചെയ്യുന്ന സിനിമകളിലൊന്നായും അത് മാറുന്നു. ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിങ്ങനെ അവിസ്മരണീയമായ, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന എത്രയെത്ര ചിത്രങ്ങള്‍.

ഒരു ജോണറില്‍ ഒരു പടം മാത്രമേ കെജി ജോര്‍ജ് ചെയ്തിട്ടുള്ളൂ. കാരണം അദ്ദേഹം എടുത്ത ഒരു പടവും മറ്റൊരു പടവുമായി മാച്ച് ചെയ്യുന്നതല്ല. അതേ… പ്രമേയങ്ങളുടെ വൈവിധ്യമാണ് മാനദണ്ഡമെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകന്‍ കെജി ജോര്‍ജ് തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിലും അദ്ദേഹം മുന്‍പന്തിയില്‍ തന്നെ കാണും. എന്നിട്ടും കെജി ജോര്‍ജിന്, വേണ്ട രീതിയിലുള്ള പ്രാധാന്യമോ പുരസ്‌കാരങ്ങളോ ഇന്‍ഡസ്ട്രിയോ രാജ്യമോ അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നത് തീര്‍ത്തും ദുഖകരമാണെന്ന് പറയാതെ വയ്യ.

Story Highlights: K G George movies and portrait of life and relationships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here