“അതിനുള്ള ഉത്തരം കിട്ടിയല്ലോ!!”: ഫിറ്റ്നസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.എൽ രാഹുൽ

ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷയാണ് കെ.എൽ രാഹുലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്. പരുക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ സൂപ്പർ-4 മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയ രാഹുൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് കെ.എൽ രാഹുലാണ്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച രാഹുൽ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. 63 പന്തിൽ പുറത്താകാതെ 58 റൺസെടുത്ത രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും കഴിഞ്ഞ 6 മാസമായി താരം അധികം മത്സരങ്ങൾ കളിച്ചിട്ടില്ല എന്നത് വസ്തുതയാണ്.
അതിനാൽ തന്നെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും ചോദ്യങ്ങൾ ഉയരുന്നുണ്ട്. തന്റെ ശാരീരികക്ഷമത സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചവർക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ. ‘ഏഷ്യാ കപ്പിലെ എൻ്റെ പ്രകടനം എല്ലാവരും കണ്ടതാണ്. സൂപ്പർ ഫോറിലെ എല്ലാ മത്സരങ്ങളും ഞാൻ കളിച്ചു. വിക്കറ്റ് കീപ്പറായി, മികച്ച ബാറ്റിംഗ് കാഴ്ചവച്ച് റൺസും നേടി. എന്റെ ഫിറ്റ്നസിനെ കുറിച്ച് ആശങ്കയുള്ള എല്ലാവർക്കും ആ ചോദ്യത്തിന് ഉത്തരം ലഭിച്ചുകാണുമല്ലോ?’- രാഹുൽ പറഞ്ഞു.
‘ലോകകപ്പും ഓസ്ട്രേലിയ പരമ്പരയും വരാനിരിക്കുന്ന മാസങ്ങളിലും ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി എന്നിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ടീം മാനേജ്മെന്റ് ഒപ്പമുണ്ടായിരുന്നു. എനിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. എന്റെ കഴിവുകളെ അവർ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്’ – അദ്ദേഹം ജിയോ സിനിമയോട് പറഞ്ഞു.
Story Highlights: KL Rahul’s Sharp Response To ‘Fitness’ Critics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here