ആംബുലൻസ് കിട്ടാനില്ല, റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ യുവതി പെരുവഴിയിൽ വെച്ച് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആംബുലൻസ് കിട്ടാതെ വന്നതോടെ യുവതിയെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വഴിമധ്യേ ബിന്ദിയയുടെ പ്രസവവേദന രൂക്ഷമായി. ഇതേത്തുടർന്നാണ് യുവതി റോഡരികിൽ പ്രസവിക്കാൻ നിർബന്ധിതയായത്. മറ്റൊരു വഴിയും ഇല്ലാതായതോടെ വീട്ടുകാർ യുവതിയെ ഹൈവേയുടെ സൈഡിൽ കിടത്തി. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. യുവതിക്ക് ഇരട്ടക്കുട്ടികളാണ്.
“ഞാൻ ആംബുലൻസിനെയും ആശാ വർക്കർമാരെയും മാറി മാറി വിളിച്ചു, പക്ഷേ അവരാരും ഞങ്ങളെ സഹായിച്ചില്ല”- സംഭവത്തെക്കുറിച്ച് ബിന്ദിയ പറഞ്ഞു. സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം ബിന്ദിയയുടെയും നവജാത ഇരട്ടക്കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
Story Highlights: Odisha woman forced to deliver twins on highway due to unavailability of ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here