കനത്ത മഴ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് കലക്ടർ അറിയിച്ചു.
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. മലയോര പ്രദേശങ്ങളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണം.
അതേസമയം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത് ദിവസങ്ങളിൽ കേരളത്തിൽ തീവ്ര മഴ ലഭിക്കും. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ -ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള ഒരു കാരണം. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദവും സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.
Story Highlights: Heavy rainfall, restrictions have been imposed Kozhikode district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here